വാഷിങ്ടൺ: 12 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്കുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അഫ്ഗാനിസ്താൻ, മ്യാൻമർ, ഇറാൻ, ലിബിയ, യെമൻ, ഹെയ്തി, സോമാലിയ, സുഡാൻ, എറിത്രിയ, ഗിനിയ, കൊംഗോ, ഛാഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് സമ്പൂർണ വിലക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയത്. ജൂൺ ഒമ്പത് മുതൽ വിലക്ക് പ്രാബല്യത്തിൽ വരും.
ക്യൂബ അടക്കം ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് ഭാഗിക നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ക്യൂബയെ കൂടാതെ ബുറുണ്ടി, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്താൻ, വെനിസ്വേല എന്നിവയാണ് ഭാഗിക വിലക്കുള്ള രാജ്യങ്ങൾ. വിലക്ക് പ്രകാരം അമേരിക്കയിലേക്കുള്ള യാത്രക്ക് നടപടികൾ കൂടുതൽ കർശനമാക്കും.
വിസ നടപടികൾ കർശനമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളാണ്.
അപകടകാരികളായ വിദേശ രാജ്യങ്ങളിൽ നിന്ന് അമേരിക്കയെ സംരക്ഷിക്കാനാണ് നടപടിയെന്നും രാജ്യത്തിന്‍റെ ദേശീയ സുരക്ഷക്ക് നടപടി അനിവാര്യമെന്നും ട്രംപ് വ്യക്തമാക്കി.
2017ൽ നിരവധി മുസ് ലിം രാജ്യങ്ങളിലെ പൗരന്മാർക്ക് ട്രംപ് ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2018ൽ സുപ്രീം കോടതി ശരിവെക്കുന്നതിന് മുമ്പ് ഈ വിലക്ക് പല തവണ പരിഷ്കരിക്കുകയും ചെയ്തു. 2021ൽ ജോ ബൈഡൻ വിലക്ക് നയം പിൻവലിച്ചു. യു.എസിന്‍റെ ദേശീയ മനഃസാക്ഷിക്കേറ്റ കളങ്കമെന്നാണ് വിലക്കിനോട് അന്ന് ബൈഡൻ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.