ഇന്ന് രാത്രിയോടെ ഇറാനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടും, ഖാർഗ് ദ്വീപ് പിടിച്ചെടുക്കും -ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലാണെന്ന സൂചനകൾ ശക്തമാക്കി, രാജ്യത്തിനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇന്ന് രാത്രിയോടെ ഇറാനെതിരെ അതിശക്തമായ ആക്രമണം അഴിച്ചുവിടുമെന്നാണ് ട്രംപിന്റെ ഭീഷണി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുന്ന പ്രസ്താവന നടത്തിയത്.

ഇറാൻ ഭരണകൂടത്തെ സാമ്പത്തികമായി തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിർണായക നീക്കങ്ങളും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

‘അടുത്ത ഭാവിയിൽ തന്നെ ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ഞങ്ങൾ പിടിച്ചെടുക്കും. ഇറാന്റെ മൊത്തം എണ്ണ-വാതക വിപണിയുടെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും. വെനിസ്വേലയിൽ നടപ്പിലാക്കിയ, ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമായ അതേ തന്ത്രം തന്നെയായിരിക്കും ഇറാനിലും പ്രയോഗിക്കുക’-ട്രംപ് കുറിച്ചു.

ട്രംപിന്റെ പെട്ടെന്നുള്ള ഈ യുദ്ധപ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കക്ക് കാരണമായിട്ടുണ്ടെങ്കിലും, ഇത് ചർച്ചകളിൽ ഇറാന്റെമേൽ സമ്മർദ്ദം ചെലുത്തി വിട്ടുവീഴ്ചകൾ ചെയ്യിക്കാനുള്ള ഒരു തന്ത്രം മാത്രമാണോയെന്നും സംശയിക്കപ്പെടുന്നുണ്ട്. മുമ്പും ഇറാനെതിരെ കടുത്ത സൈനിക ആക്രമണ ഭീഷണികൾ മുഴക്കിയ ശേഷം, ചർച്ചകളിൽ പുരോഗതിയുണ്ടെന്ന വാദമുയർത്തി അവസാന നിമിഷം ട്രംപ് പിൻമാറിയ ചരിത്രമുണ്ട്.

ഇറാനെതിരെയുള്ള യു.എസ് ഉപരോധം ലംഘിച്ച് ക്രൂഡ് ഓയിൽ കടത്താൻ ശ്രമിച്ച മൂന്ന് വാണിജ്യ കപ്പലുകൾ ഈ ആഴ്ച മാത്രം യു.എസ് സൈന്യം ഒമാൻ ഉൾക്കടലിൽ വെച്ച് തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ തങ്ങളുടെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചിടുന്നതായി പ്രഖ്യാപിച്ചതും സാഹചര്യം കൂടുതൽ വഷളാക്കിയതും.

Full View


Tags:    
News Summary - Trump Threatens Massive Attack on Iran Tonight, Vows to Seize Kharg Island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.