‘കുഞ്ഞിൽ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ മറ്റ് രാജ്യങ്ങൾ അമേരിക്കയിൽനിന്നും സിനിമാ നിർമാണം മോഷ്ടിച്ചു’

വാഷിങ്ടൺ: യു.എസ് പ്രസിഡന്റിന്റെ തീരുവ ഭീഷണയിൽ സിനിമയും. യു.എസിനു പുറത്ത് നിർമിക്കുന്ന സിനിമകൾക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്നാണ് ഈ നിരയിലെ പുതിയ ​പ്രഖ്യാപനം. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഡോണൾഡ് ട്രംപ് ഇക്കാര്യം പങ്കുവെച്ചത്. ‘ഒരു കുഞ്ഞിൽ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങൾ അമേരിക്കയുടെ പക്കൽ നിന്നും നമ്മുടെ സിനിമാ നിർമാണ ബിസിനസ് മോഷ്ടിച്ചിരിക്കുന്നു’ എന്ന് ​ട്രംപ് പറഞ്ഞു. 

ഈ പ്രശ്നം അവസാനമില്ലാതെ തുടരുന്നതായും ഇതിന് അറുതി വരു​ത്തു​മെന്നും യു.എസിനു പുറത്ത് നിർമിക്കുന്ന ഏതു തരം സിനിമകൾക്കും നൂറു ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞു. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ, പ്രസിഡന്റ് ഡി.ജെ.ടി’ എന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പുതിയ നീക്കം ഹോളിവുഡിന് വൻ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തലുകൾ.

ഇത്തരം ലെവികൾ ചുമത്തുമെന്ന് കഴിഞ്ഞ മെയിൽ തന്നെ ​ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് വിനോദ വ്യവസായ എക്സിക്യൂട്ടിവുകൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും അതെക്കുറിച്ച് വളരെ കുറച്ച് വിശദാംശങ്ങൾ മാത്രമാണ് ട്രംപ് നൽകിയത്. 

ഈ ആഴ്ച ആദ്യത്തിൽ ഫാർമസ്യൂട്ടിക്കൽസ് മുതൽ വലിയ ട്രക്കുകകൾ വരെയുള്ള നിരവധി ഉൽപന്നങ്ങൾക്ക് ട്രംപ് താരിഫുകളുടെ പരമ്പര തന്നെ കൊണ്ടുവന്നിരുന്നു. നിർമാണ കമ്പനികളെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ത​ന്ത്രമാണ് ട്രംപ് ​പ്രാവർത്തികമാക്കാൻ പോവുന്നത്.

Tags:    
News Summary - Trump says he will impose 100 percent tariffs on films produced outside the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.