ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ മസ്ക് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും; ബന്ധം പൂർണമായും അവസാനിച്ചു -​ട്രംപ്

വാഷിങ്ടൺ: യു.എസിലെ മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക് ഫണ്ട് നൽകിയാൽ ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഡോണൾഡ് ട്രംപ്. എന്നാൽ, എന്ത് പ്രത്യാഘാതമാണ് മസ്ക് നേരിടേണ്ടി വരികയെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മസ്കിന്റെ പരാമർശം.

മസ്കുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് കഴിഞ്ഞതാണെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇനി മസ്കുമായി സംസാരിക്കാൻ തനിക്ക് താൽപര്യമില്ലെന്നും ട്രംപ് പറഞ്ഞു. മസ്കുമായും അദ്ദേഹത്തിന്റെ കമ്പനികളുമായുളള കരാറുകൾ റദ്ദാക്കാൻ തനിക്ക് പദ്ധതിയില്ലെന്നും ട്രംപ് വെളിപ്പെടുത്തി.

നേരത്തെ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ പ്രതിയായ പീഡന കേസിൽ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പേരുണ്ടെന്ന എക്സിലെ പോസ്റ്റ് ഇലോൺ മസ്ക് പിൻവലിച്ചിരുന്നു. മസ്കിനെതിരെ ശക്തമായ നടപടികളും വിമർശനങ്ങളുമായി ട്രംപ് നീങ്ങുന്നതിനിടെയാണ് മസ്ക് പോസ്റ്റ് പിൻവലിച്ചത്. തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ച് മസ്‌ക് രംഗത്ത് വന്നിരുന്നു. അതില്‍ ഏറ്റവും ഗൗരവകരമായ വിഷയമായിരുന്നു ജെഫ്രി എപ്സ്റ്റീന്റെ സെക്സ് ടേപ്പുമായി ബന്ധപ്പെട്ട ആരോപണം.

എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്‌ക് വ്യാഴാഴ്ച എക്‌സില്‍ കുറിച്ചത്. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ‘ബിഗ് ബോംബ്’ എന്ന വിശേഷണത്തോടെയാണ് മസ്‌ക് ഈ പോസ്റ്റ് പങ്കുവെച്ചത്.

‘വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയമായി. എപ്സ്റ്റീന്‍ ഫയലില്‍ ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് പൊതു ഇടത്തിലേക്ക് ആ ഫയലുകള്‍ എത്താത്തത്. ശുഭദിനം’ -എന്നായിരുന്നു മസ്‌കിന്റെ പോസ്റ്റ്. ‘ഈ പോസ്റ്റ് കുറിച്ച് വെച്ചോളൂ, ഭാവിയില്‍ സത്യം പുറത്തുവരികതന്നെചെയ്യും’ എന്ന് മറ്റൊരു പോസ്റ്റില്‍ മസ്‌ക് കുറിച്ചു. പോസ്റ്റുകള്‍ വലിയ ചര്‍ച്ചയായതോടെ എക്സില്‍നിന്നും ഇപ്പോള്‍ ഇവ നീക്കം ചെയ്തിരിക്കുകയാണ് മസ്‌ക്.

Tags:    
News Summary - Trump says relationship with Musk is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.