ഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹുർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പുറമേക്ക് കടുത്ത നിലപാടുകൾ പറയുന്ന ഇറാൻ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാത തുറക്കാനായി ഇടനിലക്കാർ വഴി തന്നെ സമീപിച്ചതായും ട്രംപ് വെളിപ്പെടുത്തി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഹുർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് വഴി ഇറാന് പ്രതിദിനം 50 കോടി ഡോളർ (ഏകദേശം 4,200 കോടി രൂപ) വരുമാന നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ഈ ഭീമമായ തുക നഷ്ടപ്പെടാതിരിക്കാനാണ് അവർ പാത തുറക്കാൻ ആഗ്രഹിക്കുന്നത്. അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ നാവിക ഉപരോധം കാരണം പാത ഇപ്പോൾ പൂർണ്ണമായും അടഞ്ഞിരിക്കുകയാണ്. പൊതുമധ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മുഖം രക്ഷിക്കാനാണ് ഇറാൻ കടുപ്പത്തിൽ സംസാരിക്കുന്നതെന്നും ട്രംപ് പരിഹസിച്ചു.
ഇറാൻ ഉടൻ തന്നെ കടലിടുക്ക് തുറക്കാൻ ആഗ്രഹിക്കുന്നു എന്ന സന്ദേശവുമായി നാല് ദിവസം മുമ്പ് ചിലർ തന്നെ സമീപിച്ചതായി ട്രംപ് അവകാശപ്പെട്ടു. എന്നാൽ, കൃത്യമായ കരാറുകളിൽ എത്തുന്നതിന് മുമ്പ് പാത തുറന്നുകൊടുക്കുന്നത് അമേരിക്കക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം ഏകദേശം 140 കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിലൂടെ ഇപ്പോൾ വിരലിലെണ്ണാവുന്ന കപ്പലുകൾ മാത്രമാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വെറും മൂന്ന് കപ്പലുകൾ മാത്രമാണ് ഹുർമുസ് കടലിടുക്ക് കടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 20,000ത്തോളം നാവികരും നൂറുകണക്കിന് കപ്പലുകളും മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്.
നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകുന്നതിനായി ഇറാനുമായുള്ള വെടിനിർത്തൽ നീട്ടുന്നതായി ട്രംപ് അറിയിച്ചു. എങ്കിലും ഇറാനോ ഇസ്രായേലോ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാകിസ്താനിലെ ഇസ്ലാമാബാദിൽ ചർച്ചകളുടെ രണ്ടാം ഘട്ടം നടക്കാനിരിക്കെയാണ് ട്രംപിന്റെ ഈ പ്രതികരണം വന്നിരിക്കുന്നത്.
ലോകത്തെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള ഇന്ധന വിപണിയെയും സാമ്പത്തിക സുരക്ഷയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇറാന് മേലുള്ള സാമ്പത്തിക സമ്മർദം വർധിപ്പിച്ച് അനുകൂലമായ ഒരു കരാറിൽ എത്തിക്കാനാണ് ട്രംപ് ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.