വെനസ്വേലയെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ട്രംപ്

വാഷിങ്ടൺ: വെനസ്വേലയെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ചയാണ് ഇക്കാര്യത്തിൽ ട്രംപ് വ്യക്തത വരുത്തിയത്. എന്നാൽ, വെനസ്വേലയിലെ മയക്കുമരുന്ന് മാഫിയക്കെതി​രെ ചില നടപടികൾ ഉണ്ടാവുമെന്ന സൂചനയും ട്രംപ് നൽകി. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് വെനസ്വേലയെ ആക്രമിക്കില്ലെന്ന് ട്രംപ് അറിയിച്ചത്.

അതേസമയം, രാജ്യത്ത് യു.എസ് അധിനിവേശം നടത്തണമെന്ന പ്രചാരണം പ്രോത്സാഹിപ്പിക്കുന്നവരുടെയും പിന്തുണക്കുന്നവരുടെയും പൗരത്വം റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ രംഗത്തെത്തി.

അതിനുള്ള ഭരണഘടനാ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വം റദ്ദാക്കാനുള്ള നീക്കം വെനിസ്വേലൻ ഭരണഘടനയുടെ ആർട്ടിക്കിൾ 130 ന്റെ അടിസ്ഥാനത്തിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 35 സുപ്രീംകോടതിക്ക് മാത്രമേ അത്തരമൊരു തീരുമാനം എടുക്കാൻ കഴിയൂ എന്നും ജന്മനാ വെനിസ്വേലക്കാരായവരുടെ പൗരത്വം റദ്ദാക്കാൻ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്യുന്നുവെന്നും റി​പ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജ്യത്തെ ആക്രമിക്കാൻ പ്രതിപക്ഷ നേതാക്കൾ യു.എസിനെ പ്രോത്സാഹിപ്പിക്കുകയാണ്. മേഖലയിൽ ഭിന്നത, ഗൂഢാലോചന, വിദ്വേഷം എന്നിവ വിതക്കുകയാണെന്നും അയൽ രാജ്യങ്ങളെ പരസ്പരം എതിർത്ത് യുദ്ധത്തിനായി പ്രകോപിപ്പിക്കുകയാണ് യു.എസ് സർക്കാറിന്റെ ലക്ഷ്യമെന്നും മദൂറോ ആരോപിച്ചു.

സി.ഐ.എ ആസൂത്രണം ചെയ്ത ഒരു വ്യാജ ഫ്ലാഗ് ഓപ്പറേഷൻ പരാജയപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ട്രിനിഡാഡിലും ടൊബാഗോയിലും നിലയുറപ്പിച്ചിരിക്കുന്ന യു.എസ് യുദ്ധക്കപ്പലുകളെ ആക്രമിക്കാനും ആക്രമണത്തിന് വെനിസ്വേലയെ കുറ്റപ്പെടുത്താനും സി.ഐ.എ പദ്ധതിയിട്ടിരുന്നതായി മദൂറോ പറഞ്ഞു.

Tags:    
News Summary - Trump says he is not considering strikes within Venezuela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.