വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ തനിക്കൊപ്പം നിൽക്കാത്ത നാറ്റോക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നാറ്റോ മുമ്പ് അമേരിക്കയെ സഹായിച്ചിട്ടില്ലെന്നും ഭാവിയിൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ട്രംപ് തുറന്നടിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
"നാറ്റോ നമുക്കൊപ്പം ഉണ്ടായിരുന്നില്ല, ഭാവിയിൽ ഉണ്ടാവുകയുമില്ല! യൂറോപ്പിനെ സംരക്ഷിക്കാൻ ട്രില്യൺ കണക്കിന് ഡോളറാണ് അമേരിക്ക ചെലവാക്കുന്നത്. എന്നാൽ നമ്മുടെ ആവശ്യഘട്ടങ്ങളിൽ അവർ കൂടെ നിന്നില്ല," ട്രംപ് കുറിച്ചു.
നാറ്റോ അംഗരാജ്യങ്ങൾ തങ്ങളുടെ കടമകൾ നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അമേരിക്കയുടെ മേൽ അനാവശ്യ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ഇറാനുമായുള്ള നിലവിലെ സംഘർഷങ്ങളിൽ നാറ്റോ സഖ്യം അമേരിക്കയെ സഹായിക്കാത്തതിലുള്ള കടുത്ത അതൃപ്തിയാണ് ട്രംപിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. നാറ്റോ വെറും പേപ്പർ കടുവയാണെന്നും സഖ്യത്തിന്റെ ഈ നിലപാട് മായ്ക്കാനാവാത്ത കറയാണെന്നും ട്രംപ് നേരത്തേ പരിഹസിച്ചിരുന്നു. നാറ്റോയിൽ നിന്ന് അമേരിക്കയെ പിൻവലിക്കുമെന്ന് ട്രംപ് പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ടെങ്കിലും അത് അത്ര എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
നാറ്റോയിൽ നിന്ന് ഔദ്യോഗികമായി പിന്മാറണമെങ്കിൽ യു.എസ് സെനറ്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷമോ കോൺഗ്രസിന്റെ പ്രത്യേക നിയമമോ ആവശ്യമാണ്. ഇരുപാർട്ടികളിലെയും ഭൂരിഭാഗം ജനപ്രതിനിധികളും നാറ്റോയെ പിന്തുണക്കുന്നവരാണ്. അതേസമയം നേരിട്ട് പിന്മാറിയില്ലെങ്കിലും സഖ്യകക്ഷികൾ ആക്രമിക്കപ്പെട്ടാൽ സഹായിക്കണമെന്ന നിബന്ധനയിൽ നിന്ന് അമേരിക്കക്ക് വിട്ടുനിൽക്കാം. കൂടാതെ യൂറോപ്പിൽ വിന്യസിച്ചിരിക്കുന്ന 84,000-ത്തോളം അമേരിക്കൻ സൈനികരെ പിൻവലിക്കാനും പ്രസിഡന്റിന് അധികാരമുണ്ട്.
പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ചിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. മറ്റ് അംഗരാജ്യങ്ങൾ പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കണമെന്ന തന്റെ പഴയ ആവശ്യവും ട്രംപ് വീണ്ടും ശക്തമാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.