ഷി ജിൻപിങ്, ഡോണൾഡ് ട്രംപ്
ഷി ജിൻപിങ്ങിന്‍റെ വാക്കുകൾ വിശ്വസിക്കുന്നു; ചൈന ഇറാനിലേക്ക് ആയുധങ്ങൾ നൽകിയാൽ വളരെ നിരാശനാകും -ട്രംപ്
വാഷിങ്ടൺ: ഇറാനിലേക്ക് ചൈന ആയുധങ്ങൾ വിതരണം ചെയ്തെന്ന വാർത്തകൾ ശരിയാണെങ്കിൽ താൻ ‘വളരെ നിരാശനാകും’ എന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഴ്ചകൾക്കുള്ളിൽ നാലൂറോളം ചൈനീസ് നിർമിത 'ഷോൾഡർ-ഫയേർഡ്' (ചുമലിൽ വെച്ച് വിക്ഷേപിക്കാവുന്ന) മിസൈലുകൾ ഇറാനിൽ എത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചൈന ഇറാനിലേക്ക് ആയുധങ്ങൾ നൽകില്ലെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് തനിക്ക് വ്യക്തിപരമായി ഉറപ്പ് നൽകിയിരുന്നതായും ട്രംപ് ചൂണ്ടിക്കാട്ടി.
‘അത് വളരെ ആശ്ചര്യകരമായിരിക്കും. താൻ ഇതിൽ പങ്കാളിയാകില്ലെന്ന് ഷി ജിൻപിങ് വളരെ ശക്തമായി എന്നോട് പറഞ്ഞിരുന്നു. ഞാൻ നിരാശനാകുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം’ ട്രംപ് വ്യക്തമാക്കി. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ തങ്ങളുടെ സൈനിക ശേഷി വീണ്ടെടുക്കാൻ ഇറാൻ ശ്രമിക്കുന്നതായും, ഇതിന്റെ ഭാഗമായി ചൈന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇറാനിലേക്ക് കൈമാറാൻ തയാറെടുക്കുന്നതായും സി.എൻ.എൻ പുറത്തുവിട്ട ഇന്റലിജൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ചയും ഇറാനിലേക്ക് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനക്കും റഷ്യക്കും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിലവിൽ ഇരു രാജ്യങ്ങളും തെഹ്‌റാന് സൈനിക സഹായം നൽകുന്നില്ലെന്ന ഷി ജിൻപിങ്ങിൻ്റെയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിൻ്റെയും ഉറപ്പുകൾ താൻ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇരു രാജ്യങ്ങളും ഇറാനിലേക്ക് ആയുധങ്ങൾ കൈമാറുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നാണ് തന്റെ വിശ്വാസമെന്ന് ട്രംപിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലും' അദ്ദേഹം കുറിച്ചു. "അതുകൊണ്ട് തന്നെ, ഇറാനുമായി ബന്ധപ്പെട്ട് ആളുകൾ കൂടുതലായി സംസാരിക്കുന്ന രണ്ട് പ്രധാന രാജ്യങ്ങൾ എന്റെ അഭിപ്രായത്തിൽ ഇതിൽ പങ്കാളികളല്ല. ഇനി അവർ അങ്ങനെ ചെയ്താൽ അത് അവർക്ക് തന്നെ വലിയ ദോഷം ചെയ്യും. തീർച്ചയായും അത് അവരുടെ താൽപര്യങ്ങൾക്ക് ഗുണകരമാകില്ല’ ട്രംപ് കുറിച്ചു.
സമീപകാലത്ത് യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് ശേഷം റഷ്യൻ, ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾ ആക്രമണത്തിനുള്ള വിവരങ്ങൾ നൽകി തെഹ്‌റാനെ സഹായിച്ചിട്ടുണ്ടോ എന്ന് വാഷിങ്ടൺ അന്വേഷിച്ചുവരികയാണ്. ഇതിനിടെയാണ് ട്രംപിൻ്റെ ഈ പ്രതികരണം വന്നിരിക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ ബീജിങ്ങിൽ ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ട്രംപ് അനുസ്മരിച്ചു. ഏത് സാഹചര്യത്തിലും ചൈന ഇറാനിലേക്ക് ആയുധങ്ങൾ നൽകില്ലെന്ന് ചൈനീസ് നേതാവ് തനിക്ക് വ്യക്തമായ ഉറപ്പ് നൽകിയതായും, ഞങ്ങളുടെ ബന്ധം പരിഗണിച്ച്, അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു എന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.