സിഗരറ്റുമായാണോ യാത്ര?, ദുബൈ കസ്റ്റംസിന്റെ മാർഗനിർദേശം അറിയാം...
ദുബൈ: യുഎഇയിലേക്ക് എത്തുന്ന യാത്രക്കാർ കൊണ്ടുവരുന്ന സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ തീരുവ രഹിത (ഡ്യൂട്ടി ഫ്രീ) പരിധിയെക്കുറിച്ച് ദുബൈ കസ്റ്റംസ് മുന്നറിയിപ്പ് നൽകി. അനുവദിച്ചതിൽ കൂടുതൽ അളവിൽ പുകയില ഉൽപന്നങ്ങൾ കൊണ്ടുവന്നാൽ കസ്റ്റംസ് തീരുവ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള യാത്രക്കാർക്ക് മാത്രമാണ് ഈ ഇളവുകൾ ലഭ്യമാകുന്നത്.
കസ്റ്റംസ് നിയമങ്ങൾ അനുസരിച്ച് 18 വയസ്സ് തികഞ്ഞ യാത്രക്കാരന് കസ്റ്റംസ് തീരുവ കൂടാതെ 400 സിഗരറ്റുകൾ, 50 സിഗറുകൾ, അല്ലെങ്കിൽ 500 ഗ്രാം പുകയില (പൈപ്പുകളിൽ ഉപയോഗിക്കുന്ന പുകയില ഉൾപ്പെടെ) വരെ ദുബൈയിലേക്ക് കൊണ്ടുവരാം. ഈ നിശ്ചിത പരിധിയിൽ കൂടുതൽ ഉൽപന്നങ്ങൾ കൈവശമുണ്ടെങ്കിൽ കസ്റ്റംസ് നികുതി അടക്കേണ്ടി വരും.
എന്നാൽ, ഈ കസ്റ്റംസ് ഇളവുകൾ ലഭിക്കുന്നതിന് ചില പ്രത്യേക വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. കൊണ്ടുവരുന്ന വസ്തുക്കളും സമ്മാനങ്ങളും വ്യക്തിഗത ആവശ്യങ്ങൾക്കുള്ളതായിരിക്കണം. വാണിജ്യ ആവശ്യത്തിനായുള്ള വലിയ അളവിലുള്ളവ ആകരുത്. ഇടക്കിടെ യാത്ര ചെയ്യുന്നവരോ കച്ചവട ആവശ്യത്തിനായി സാധനങ്ങൾ സ്ഥിരമായി എത്തിക്കുന്നവരോ ആകരുത്. കൂടാതെ, വിമാനത്തിലെയും കപ്പലിലെയും ജീവനക്കാർക്ക് ഈ ഇളവ് ബാധകമല്ല.
അതോടൊപ്പം, യു.എ.ഇയിലേക്ക് കൊണ്ടുവരുന്നതിന് പൂർണമായും നിരോധനമുള്ള സാധനങ്ങളുടെ പട്ടികയും ദുബൈ കസ്റ്റംസ് ഓർമിപ്പിച്ചു. ലഹരിമരുന്നുകൾ (കഞ്ചാവ്, കൊക്കെയ്ൻ, ഹെറോയിൻ, പോപ്പി സീഡ്സ്, ലഹരി ഗുളികകൾ എന്നിവ), ആനക്കൊമ്പ്, അനാവശ്യ വന്യജീവി ഉൽപന്നങ്ങൾ, കാസിനോ-ചൂതാട്ട ഉപകരണങ്ങൾ, വ്യാജ കറൻസികൾ, വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണപദാർഥങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇതിനുപുറമെ, റേഡിയോ ആക്ടീവ് പദാർഥങ്ങൾ, ചില തരം മീൻപിടുത്ത വലകൾ, ഉപയോഗിച്ച ടയറുകൾ, പൊതു മര്യാദകൾക്കോ ഇസ്ലാമിക മൂല്യങ്ങൾക്കോ നിരക്കാത്ത പ്രസിദ്ധീകരണങ്ങൾ എന്നിവയും രാജ്യത്തേക്ക് കൊണ്ടുവരുന്നത് കുറ്റകരമാണ്. അതിനാൽ യാത്ര പുറപ്പെടുന്നതിന് മുമ്പായി കസ്റ്റംസ് നിയമങ്ങൾ കൃത്യമായി പരിശോധിക്കാനും, സംശയമുള്ള സാധനങ്ങൾ ലഗേജിൽ കരുതുന്നതിൽനിന്നും ഒഴിവാക്കാനും യാത്രക്കാരോട് ദുബൈ കസ്റ്റംസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.