വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാദിമിർ സെലൻസ്കി വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായുള്ള കുടിക്കാഴ്ചക്കെത്തിയത് പതിവ് സൈനിക വസ്ത്രങ്ങൾക്ക് പകരം കറുത്ത ഫോർമൽ സ്യൂട്ടണിഞ്ഞാണ്. കാബിനറ്റ് റൂമിൽ ഉച്ച ഭക്ഷണത്തിനിടെ ഡോണൾഡ് ട്രംപിന്‍റെ വക സെലൻസ്കിക്ക് ഈ ലുക്ക് കൊള്ളാമെന്ന് പ്രശംസയും. " അയാൾ ഈ ജാക്കറ്റിൽ സുന്ദരനായി തോന്നുന്നു. ആളുകൾ ശ്രദ്ധിച്ചു കാണുമെന്നാണ് കരുതുന്നത്. സത്യത്തിൽ നല്ല സ്റ്റൈലിഷ് ആയിട്ടുണ്ട് ഈ സ്യൂട്ടിൽ. എനിക്കിഷ്ടപ്പെട്ടു" ട്രംപ് പറഞ്ഞു. 2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതൽ മിലിട്ടറി വസ്ത്രത്തിലാണ് സെലൻസ്കി പൊതു ഇടങ്ങളിൽ കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.
ട്രംപുമായുള്ള കൂടിക്കാഴ്ചകളിൽ വ്യത്യസ്ത ഔട്ട്ഫിറ്റ് ധരിച്ച് സെലൻസ്കി വരുന്നത് ഇതാദ്യമായല്ല. ആഗസ്റ്റിൽ ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ സെലൻസ്കി പച്ച നിറത്തിലുള്ള പതിവായി ധരിക്കുന്ന ആർമി യൂനിഫോമിന് പകരം കറുത്ത ഫോർമൽ ജാക്കറ്റും ഷർട്ടും ട്രൗസറുമാണ് ധരിച്ചിരുന്നത്.
ഫെബ്രുവരിയിൽ ട്രംപ് അധികാരമേറ്റ ശേഷം നടന്ന ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒട്ടും സൗഹാർദപരമായിരുന്നില്ല. അന്ന് സെലൻസ്കി ധരിച്ചിരുന്ന കറുത്ത നീളൻ കൈയുള്ള പോളോയും മിലിട്ടറി സ്റ്റൈലിലുള്ള ട്രൗസറും ട്രംപിനെ അലോസരപ്പെടുത്തിയിരുന്നു. വൈറ്റ് ഹൗസിനോടുള്ള അനാദരം എന്നാണ് അന്ന് സെലൻസ്കിയെ വിമർശിച്ചത്. യുക്രെയിനിൽ സമാധാനം സ്ഥാപിക്കുന്നത് വരെ താൻ മിലിട്ടറി വസ്ത്രം മാത്രമേ ധരിക്കൂ എന്നാണ് സെലൻസ്കി അതിന് മറുപടി നൽകിയത്.
കീവ് ആസ്ഥാനമായുള്ള ഡിസൈനർ വിക്ടർ അനിസിമോവ് തയാറാക്കിയ ബ്ലാക്ക് ജാക്കറ്റിൽ സെലൻസ്കി ആദ്യമായി പ്രത്യക്ഷപ്പെട്ടത് പോപ്പ് ഫ്രാൻസിസിന്‍റെ മരണാനന്തര ചടങ്ങിലാണ്. ഇതേ വേഷത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും നാറ്റോ ഉച്ചകോടിയിലും പങ്കെടുത്തു. റഷ്യൻ പ്രസിഡന്‍റ് പുടിനുമായി ട്രംപ് യുദ്ധത്തെക്കുറിച്ച് ഫോൺ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് സെലൻസ്കിയുടെ വൈറ്റ് ഹൈസ് കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.