ഡോണാൾഡ് ട്രംപ്,പോപ്പ് ലിയോ പതിനാലാമൻ

വത്തിക്കാൻ സ്ഥാനപതിയെ പെന്റഗൺ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്; അമേരിക്കൻ സന്ദർശനം റദ്ദാക്കി മാർപ്പാപ്പ

വാഷിങ്ടൺ: ലോക സമാധാനത്തിനായി നിലകൊള്ളുന്ന പോപ്പ് ലിയോ പതിനാലാമനും ഡോണാൾഡ് ട്രംപ് സർക്കാരും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. വത്തിക്കാന്റെ അമേരിക്കൻ സ്ഥാനപതി കർദിനാൾ ക്രിസ്റ്റോഫ് പിയറിയെ പെന്റഗണിലേക്ക് വിളിച്ചുവരുത്തി അമേരിക്കൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി 'ദ ഫ്രീ പ്രസ്' റിപ്പോർട്ട് ചെയ്തു.

ജനുവരി 9ന് മാർപ്പാപ്പ നടത്തിയ പ്രസംഗമാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ലോകത്ത് സംഭാഷണങ്ങൾക്കും ഒത്തുതീർപ്പുകൾക്കും പകരം ബലപ്രയോഗത്തിലൂടെയുള്ള നയതന്ത്രം വർധിച്ചുവരികയാണെന്നും യുദ്ധം ഒരു പുതിയ ഫാഷനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ഈ പ്രസംഗം ട്രംപ് സർക്കാരിന്റെ വിദേശനയത്തിനുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് പെന്റഗൺ വിലയിരുത്തി.

അണ്ടർ സെക്രട്ടറി ഓഫ് വാർ എൽബ്രിഡ്ജ് കോൾബിയുടെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ, മാർപ്പാപ്പയുടെ പ്രസംഗം വരിവരിയായി വിശകലനം ചെയ്യുകയും വത്തിക്കാൻ അമേരിക്കയുടെ പക്ഷം ചേരണമെന്ന് കർശനമായി ആവശ്യപ്പെടുകയും ചെയ്തു. ‘അമേരിക്കൻ സൈന്യത്തിന് ലോകത്ത് എന്ത് വേണമെങ്കിലും ചെയ്യാൻ കരുത്തുണ്ട്, കത്തോലിക്കാ സഭ ഞങ്ങളുടെ പക്ഷത്ത് നിൽക്കുന്നതാണ് നല്ലത്’ എന്നായിരുന്നു കോൾബിയുടെ മുന്നറിയിപ്പ്.

പതിനാലാം നൂറ്റാണ്ടിലെ 'അവിഗ്നൻ പാപ്പസി' (Avignon Papacy) എന്ന കാലഘട്ടം പരാമർശിച്ചുകൊണ്ടായിരുന്നു അമേരിക്കയുടെ പ്രധാന ഭീഷണി. അക്കാലത്ത് ഫ്രഞ്ച് രാജഭരണകൂടം മാർപ്പാപ്പമാരെ തടവിലാക്കുകയും സഭയെ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. ഈ ചരിത്രം ഉദ്ധരിച്ചത് വത്തിക്കാനുനേരെയുള്ള സൈനിക ഭീഷണിയായാണ് സഭ കാണുന്നത്.

പെന്റഗണിലെ മോശം പെരുമാറ്റത്തെത്തുടർന്ന് മാർപ്പാപ്പ തന്റെ അമേരിക്കൻ സന്ദർശനം പൂർണ്ണമായും റദ്ദാക്കി. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നൽകിയ ക്ഷണം അദ്ദേഹം നിരസിച്ചു. പകരം ആഫ്രിക്കൻ അഭയാർഥികൾ വന്നെത്തുന്ന ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസ സന്ദർശിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ട്രംപ് സർക്കാരിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള മാർപ്പാപ്പയുടെ ശക്തമായ നിലപാടായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

അതേസമയം, വത്തിക്കാൻ സ്ഥാനപതിയെ ഭീഷണിപ്പെടുത്തി എന്ന വാർത്തകൾ വൈറ്റ് ഹൗസ് നിഷേധിച്ചു. ചർച്ചകൾ സൗഹാർദ്ദപരമായിരുന്നുവെന്നാണ് പ്രതിരോധ വകുപ്പിന്റെ വിശദീകരണം. ഇതേക്കുറിച്ച് തനിക്ക് നേരിട്ട് അറിവില്ലെന്നും വത്തിക്കാൻ പ്രതിനിധികളുമായി സംസാരിച്ച് സത്യാവസ്ഥ ബോധ്യപ്പെടുമെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഹംഗറിയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Trump officials ‘threatened’ the Pope to side with the US in Pentagon meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.