ദക്ഷിണാഫ്രിക്കക്കുള്ള സഹായം വെട്ടിക്കുറച്ച് ട്രംപ്; നീക്കം വെളുത്ത ആഫ്രിക്കക്കാർക്കെതിരായ വംശീയ വിവേചനം ആരോപിച്ച്

വാഷിങ്ടൺ: വെളുത്ത ആഫ്രിക്കക്കാരോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ദക്ഷിണാഫ്രിക്കക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറക്കാനുള്ള എക്‌സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുവച്ചു. ദക്ഷിണാഫ്രിക്കൻ സർക്കാർ വെള്ളക്കാരായ ആഫ്രിക്കക്കാർക്കെതിരെ ‘അന്യായമായ വംശീയ വിവേചനം’ കാണിക്കുന്നുവെന്നും അവർക്ക് യു.എസിൽ അഭയം വാഗ്ദാനം ചെയ്യുന്നുവെന്നും ട്രംപ് പറഞ്ഞു.

‘പൂജ്യം നഷ്ടപരിഹാരം’ നൽകി ഭൂമി ‘തട്ടിയെടുക്കാൻ’ അനുവദിക്കുന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ കഴിഞ്ഞ മാസം ഒപ്പിട്ട ഉത്തരവിനെയും ട്രംപ് വിമർശിച്ചു.

1652ൽ ദക്ഷിണാഫ്രിക്കയുടെ കോളനിവൽക്കരണം ആരംഭിച്ച ഡച്ചുകാരിൽ നിന്നും ഡച്ചുകാർ പിന്തുണ നൽകിയ ഫ്രഞ്ച് ഹ്യൂഗനോട്ട് അഭയാർഥികളിൽ നിന്നുമുള്ളവരാണ് പ്രധാനമായും വെള്ളക്കാരായ ആഫ്രിക്കൻ വംശജർ. വർണ്ണവിവേചന കാലത്ത് ദക്ഷിണാഫ്രിക്ക ഭരിച്ചത് വെള്ളക്കാരായ ആഫ്രിക്കൻ നേതാക്കളായിരുന്നു. ഇവർ രാജ്യത്തെ ഭൂരിപക്ഷമായ കറുത്ത വർഗക്കാരെ അക്രമാസക്തമായി അടിച്ചമർത്തി. വേർതിരിക്കപ്പെട്ട ടൗൺഷിപ്പുകളിലും ഗ്രാമീണ മേഖലകളിലും ജീവിക്കാൻ അവരെ നിർബന്ധിച്ചു.

വെളുത്ത ന്യൂനപക്ഷ ഭരണം അവസാനിപ്പിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായിട്ടും ദക്ഷിണാഫ്രിക്ക വലിയ അസമത്വത്തിൽ തുടരുകയാണ്. ഭൂമിയും സമ്പത്തും ഇപ്പോഴും വെള്ളക്കാരുടെ ഇടയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവർ ജനസംഖ്യയുടെ 7ശതമാനം വരും. 81ശതമാനം ആണ് കറുത്ത വംശജർ. ഇതിൽ പകുതിയോളം പ്രാദേശിക ആഫ്രിക്കൻ ഭാഷ സംസാരിക്കുന്നവരും. ചില വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാർ തങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ഇവർ പറയുന്നു.

വെള്ളിയാഴ്ച ഒപ്പുവച്ച ട്രംപിന്റെ ഉത്തരവിൽ ’തൊഴിൽ, വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയിലെ ‘തുല്യ അവസരം’ ഇല്ലാതാക്കാൻ രൂപകൽപ്പന ചെയ്ത എണ്ണമറ്റ സർക്കാർ നയങ്ങളും വംശീയമായി എതിർക്കുന്ന ഭൂവുടമകൾക്കെതിരെ അക്രമത്തിന് ആക്കം കൂട്ടുന്ന സർക്കാർ നടപടികളും’ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വംശഹത്യ ആരോപിച്ച് ഇസ്രായേലിനെ കുറ്റപ്പെടുത്തുന്നതും വാണിജ്യ, സൈനിക, ആണവ ക്രമീകരണങ്ങൾ വികസിപ്പിക്കുന്നതിന് ഇറാനുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കുന്നതും ഉൾപ്പെടെ അമേരിക്കക്കും സഖ്യകക്ഷികൾക്കും നേരെ ദക്ഷിണാഫ്രിക്ക ആക്രമണാത്മക നിലപാടുകൾ സ്വീകരിച്ചതായും പറയുന്നു.

വിദേശ ചെലവുകൾ ഉൾപ്പെടെ യു.എസ് ഗവൺമെന്റിന്റെ സഹായം വെട്ടിക്കുറക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ദക്ഷിണാഫ്രിക്കൻ വംശജനായ ഇലോൺ മസ്‌ക്, തുറന്ന വംശീയ നയങ്ങൾ നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കയെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ൽ വിമർശിച്ചു.

എന്നാൽ, ദക്ഷിണാഫ്രിക്കക്കുള്ള യു.എസ് സഹായം വെട്ടിക്കുറച്ചതിൽ ആശങ്കയുണ്ടെന്ന് കൺസർവേറ്റീവ് ആഫ്രിക്കൻ ഗ്രൂപുകൾ പറഞ്ഞു.

Tags:    
News Summary - Trump cuts aid to South Africa over ‘racial discrimination’ against Afrikaners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.