ഡോണൾഡ് ട്രംപ്
‘താൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ സൗദിയും ഇസ്രായേലും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ന് ഭൂമിയിലുണ്ടാകില്ലെന്ന്’ ട്രംപ്
വാഷിങ്ടൺ: താൻ അമേരിക്കൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ സൗദി അറേബ്യയും ഇസ്രായേലും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇന്ന് ഭൂമുഖത്ത് ശേഷിക്കുമായിരുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി അറേബ്യയെ സംരക്ഷിച്ചത് താനാണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി എപ്പോഴും മികച്ച വ്യക്തിബന്ധമാണ് ഉള്ളതെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കൻ മാസികയായ 'ടൈമിന്' നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ വിവാദ പ്രസ്താവന നടത്തിയത്.
യമനിലെ ഹൂതി വിമതർക്കെതിരെ നേരിട്ടുള്ള യു.എസ് സൈനിക നീക്കം നടത്തണമെന്ന സൗദി കിരീടാവകാശിയുടെ അഭ്യർത്ഥന ട്രംപ് നിരസിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് റിയാദും വാഷിങ്ടണും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ട്രംപ് സംസാരിച്ചത്.
‘ഞാൻ സൗദി അറേബ്യക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഞാൻ സൗദിയെ സംരക്ഷിക്കുകയായിരുന്നു. ഞാൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ സൗദി അറേബ്യ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല; ഇസ്രായേലും ഉണ്ടാകുമായിരുന്നില്ല. അവരെയൊക്കെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കുമായിരുന്നു’ ട്രംപ് അഭിമുഖത്തിൽ അവകാശപ്പെട്ടു.
സൗദി കിരീടാവകാശിയുമായുള്ള ബന്ധം തകർന്നിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ് ‘തനിക്ക് കിരീടാവകാശിയെ വളരെ ഇഷ്ടമാണ്. ഞങ്ങള തമ്മിൽ ഇപ്പോഴും വളരെ നല്ല ബന്ധമാണുള്ളത്. എന്നാൽ ഓർക്കുക, ഞാൻ ഇവിടെ ഇല്ലായിരുന്നെങ്കിൽ അവിടെ ഒരു സൗദി അറേബ്യയോ ഇസ്രായേലോ മറ്റ് പല രാജ്യങ്ങളോ ഉണ്ടാകുമായിരുന്നില്ല’ എന്നും കൂട്ടിച്ചേർത്തു.
അതേസമയം, യമനിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതർക്കെതിരെ പുതിയ വൻകര അക്രമണത്തിന് സൗദി അറേബ്യ പദ്ധതിയിടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ 'റോയിട്ടേഴ്സ്' റിപ്പോർട്ട് ചെയ്തു. ചെങ്കടലിലെ പ്രമുഖ കപ്പൽ ഗതാഗത പാതയായ ബാബുൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും ഹൂതികളെ ഈ തീരപ്രദേശങ്ങളിൽ നിന്ന് തുരത്താനുമാണ് സൗദി നീക്കം.
സൗദിയുടെ വ്യോമസേനാ പിന്തുണയോടെ യമൻ പ്രാദേശിക സേനയെ മുൻനിർത്തി കരമാർഗ്ഗം ആക്രമണം നടത്താനാണ് തീരുമാനം. ഈ ആക്രമണങ്ങൾക്ക് ആവശ്യമായ രഹസ്യാന്വേഷണ വിവരങ്ങൾ നൽകാൻ യു.എസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും, നേരിട്ടുള്ള സൈനിക പോരാട്ടത്തിന് അമേരിക്ക ഇറങ്ങില്ലെന്നാണ് വിവരം.
നേരത്തെ ഹൂതികൾക്കെതിരെ യു.എസ് വ്യോമാക്രമണം നടത്തണമെന്ന് സൗദി കിരീടാവകാശി ആവശ്യപ്പെട്ടിരുന്നെങ്കിലും ട്രംപ് അത് നിരസിക്കുകയായിരുന്നു. ചെങ്കടലിലെയും ഏദൻ ഉൾക്കടലിലെയും ചരക്കുകപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് മേഖലയിൽ വൻ സൈനിക നീക്കത്തിന് സൗദി തയാറെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.