‘പൈലറ്റിനെ ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്’; ഫ്ലൈദുബൈയിൽ നടന്നത് ഭീകരാക്രമണ ശ്രമമെന്ന് സ്ഥിരീകരിച്ച് യു.എ.ഇ

ദുബൈ: ദുബൈയിൽ നിന്ന് ഇസ്രയേലിലേക്ക് പുറപ്പെട്ട ഫ്ലൈദുബൈ വിമാനത്തിൽ സെപ്റ്റംബർ 30ന് നടന്ന സംഭവം സഹപൈലറ്റ് ഭീകരാക്രമണത്തിന് ശ്രമിച്ചതായി യു.എ.ഇ അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

ഫ്ലൈദുബൈ എഫ്.ഇസെഡ്1073 വിമാനത്തിൽ യാത്രക്കിടെ സഹപൈലറ്റ് കോക്പിറ്റിനുള്ളിൽ പൈലറ്റിനെ ക്രാഷ് ആക്‌സ് ഉപയോഗിച്ച് ആക്രമിക്കുകയും വിമാനം നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ശംസി അറിയിച്ചിരിക്കുന്നത്.

സംഭവത്തിന്റെ സാഹചര്യവും ആക്രമണത്തിന് പിന്നിലെ പ്രേരണയും മറ്റ് ബന്ധങ്ങളും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സാങ്കേതിക പരിശോധനകളും ഭൗതിക, ഡിജിറ്റൽ തെളിവുകളുടെ വിശകലനവും പുരോഗമിക്കുകയാണെന്നും ആവശ്യമായ നടപടികൾ പൂർത്തിയായ ശേഷം അന്തിമ അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമെന്നും അറ്റോർണി ജനറൽ അറിയിച്ചു.

സംഭവം ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടതാണോ, മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ, മറ്റാരുടെയെങ്കിലും നിർദേശപ്രകാരമാണോ എന്നതും പരിശോധിക്കാൻ പ്രത്യേക പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തെൽ അവീവിലേക്ക് പോയ എഫ്.​ഇസെഡ് 1073 വിമാനം അപ്രതീക്ഷിത സംഭവത്തെ തുടർന്ന് വഴിതിരിച്ചുവിട്ട് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി ഫ്ലൈദുബൈ പിന്നീട് അറിയിച്ചു. യാത്രക്കാരും ജീവനക്കാരും എല്ലാവരും സുരക്ഷിതരാണെന്നും കണക്കെടുപ്പ് പൂർത്തിയാക്കിയതായും വിമാനക്കമ്പനി വ്യക്തമാക്കിയിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും സഹായിക്കുന്നതിനായി പകരം രണ്ട് വിമാനങ്ങൾ തബൂക്കിലേക്ക് അയക്കുകയും ചെയ്തിരുന്നു.

സംഭവത്തിന്റെ ആദ്യഘട്ടത്തിൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ലായിരുന്നുവെന്നും വിഷയം ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ഔദ്യോഗികമായി അന്വേഷിച്ചുവരികയാണെന്നും ഫ്ലൈദുബൈ അറിയിച്ചിരുന്നു.

Tags:    
News Summary - UAE Confirms Terror Bid on flydubai Flight FZ 1073; Pilot Attacked with Crash Axe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.