അമേരിക്കയിൽ തെരഞ്ഞെടുപ്പ് അടുക്കുംതോറും യുക്രെയ്‌നിലെ റഷ്യൻ ആക്രമണം ശക്തമാകും; സെലൻസ്കി

കിയവ്: യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രെയ്‌നിനെതിരായ ആക്രമണം കൂടുതൽ ശക്തമാക്കാൻ സാധ്യതയുണ്ടെന്ന്  യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി. സ്പാനിഷ് ദിനപത്രമായ എൽ പെയ്‌സിന് നൽകിയ അഭിമുഖത്തിലാണ് സെലൻസ്കി ഇക്കാര്യം പറഞ്ഞത്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളോ യൂറോപ്യൻ രാജ്യങ്ങളുടെ സമ്മർദമോ തന്നെ പിന്തിരിപ്പിക്കുന്നില്ലെന്ന് തെളിയിക്കാനാണ് പുടിൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കൻ തെരഞ്ഞെടുപ്പ് അടുക്കുന്തോറും റഷ്യ ആക്രമണം ശക്തമാക്കുമെന്നും ഇതിലൂടെ യൂറോപ്യൻ രാജ്യങ്ങളെ ഭയപ്പെടുന്നില്ലെന്നും ഉപരോധങ്ങൾ തങ്ങളെ ബാധിക്കുന്നില്ലെന്നും അമേരിക്കക്ക് മുന്നിൽ തെളിയിക്കാനാണ് പുടിന്റെ ശ്രമമെന്നും സെലൻസ്കി പറഞ്ഞു.

യു.എസ്. ചർച്ചാസംഘത്തോടും ഇക്കാര്യം താൻ മുന്നറിയിപ്പായി അറിയിച്ചിരുന്നുവെന്ന് സെലൻസ്കി വ്യക്തമാക്കി. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലയളവിൽ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ തലസ്ഥാനമായ കിയവിൽനിന്ന് ആളുകളെ ഒഴിഞ്ഞുപോകാൻ നിർബന്ധിതരാക്കുക എന്നതും റഷ്യയുടെ ലക്ഷ്യങ്ങളിലൊന്നാണെന്നാണ് സെലൻസ്കിയുടെ ആരോപണം.

എന്നാൽ ആക്രമണങ്ങൾക്കിടയിലും കിയവ് ശക്തമായി നിലകൊള്ളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ 24 മണിക്കൂറും ആക്രമണം തുടരുകയാണെന്നും പ്രതിദിനം നൂറുകണക്കിന് ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും സെലൻസ്കി ആരോപിച്ചു.

യുക്രെയ്‌നിൽ റഷ്യ സ്വീകരിക്കുന്ന തന്ത്രം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും സെലൻസ്കി ആരോപിച്ചു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ കൂടുതൽ സാമ്പത്തിക സഹായം നേടുന്നതിനും യുദ്ധത്തെ നേരിടുന്ന രീതികൾ മാറ്റുന്നതിനുമാണ് യുക്രെയ്ൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ചൈനയും ഇന്ത്യയും സഹായിക്കുന്നുവെന്നും യുദ്ധാവശ്യങ്ങൾക്കുള്ള യന്ത്രസാമഗ്രികൾ നൽകുന്നുവെന്നും സെലൻസ്കി ആരോപിച്ചു. റഷ്യയുടെ യുദ്ധശേഷി നിലനിർത്തുന്നതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതികവും വ്യാവസായികവുമായ സഹായം നിർണായകമാണെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്.

കൂടാതെ ഇറാനും റഷ്യയെ സഹായിക്കുന്നുണ്ടെന്ന് സെലൻസ്കി ആരോപിച്ചു. പ്രത്യേകിച്ച് ഡ്രോണുകളുമായി ബന്ധപ്പെട്ട യുദ്ധസാങ്കേതികവിദ്യയിലും വിദഗ്ധ അറിവിലും ഇറാൻ മോസ്കോക്ക് സഹായം നൽകുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

Tags:    
News Summary - Putin to escalate attacks on Ukraine as US midterm elections approach, Zelenskyy says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.