ശാന്തനായ കാർക്കശ്യക്കാരനെന്ന് ട്രംപ്, കണ്ടതിൽ സന്തോഷവാനെന്ന് മോദി; കൂടിക്കാഴ്ചക്കിടെ പരസ്പരം വാനോളം പുകഴ്ത്തി നേതാക്കൾ

ഇറ്റലി: ജി7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിൽ പരസ്പരം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. മോദി ശാന്തനും, സ്വാധീനമുള്ള നേതാവാണെന്നും മോദിയെ പോലെയാകാൻ തനിക്ക് കഴിയില്ലെന്നും കടുത്ത നിലപാടുകളാണ് മോദിക്കുള്ളതെന്നും ട്രംപ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ട്രംപിനെ കണ്ടതിൽ വളരെയധികം സന്തോഷവാനാണെന്നും ഇന്ത്യയ്ക്കും അമേരിക്കക്കുമിടയിൽ പലതും സംഭവിച്ചെന്നും പശ്ചിമേഷ്യയിൽ സമാധാനത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും മോദി ട്രംപിനോട് പറഞ്ഞു. ഹുർമുസ് തുറക്കുന്നത് ആഗോള സാമ്പത്തിക രംഗത്ത് വലിയമാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധം, വ്യാപാരം, നാവികരുടെ ക്ഷേമം എന്നിവയടക്കമുള്ള വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.

ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി സമുദ്ര മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നാവികർക്ക് ഭയമില്ലാതെ ജോലി ചെയ്യാനാകണമെന്നും കൂടിക്കാഴ്ചയിൽ മോദി സൂചിപ്പിച്ചു. നഷ്ടപ്പെട്ട ഇന്ത്യൻ നാവികരെ അനുസ്മരിച്ച ട്രംപ്, നാവികരുടേത് കഠിനമായ തൊഴിൽ മേഖലയാണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ യു.എസ് ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഇറാനുമായി ഭാവിയിൽ ഉണ്ടാകുന്ന ഏത് കരാറിലും ഇന്ത്യൻ നാവികരുടെ സുരക്ഷ പ്രധാന പങ്കുവഹിക്കണമെന്ന് കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ ഞാൻ ഒപ്പമുണ്ടാകും. മോദി ഇന്ത്യയുടെ ഭരണത്തലവനായി തുടരുകയാണെങ്കിൽ മാത്രമേ എനിക്ക് ഈ ഉറപ്പുനൽകാൻ കഴിയൂ. പുതിയൊരു നേതാവാണ് വരുന്നതെങ്കിൽ അതിന് കഴിഞ്ഞേക്കില്ല," പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.

"മോദി വളരെ കാർകശ്യക്കാരനായ ചർച്ചക്കാരനാണ്. ലോകത്തിലെ ഏറ്റവും കഠിനരായ വ്യക്തികളിൽ ഒരാളാണ്. കാണാൻ വളരെ ഭംഗിയുള്ള മനുഷ്യൻ, ഒരു മാലാഖയെപ്പോലെയുണ്ട്. ആളുകൾ പറയും അദ്ദേഹം ശാന്തനാണെന്ന്, എന്നാൽ ഞാൻ പറയും അദ്ദേഹം അതീവ ശക്തനാണെന്ന്. ഈ രൂപഭംഗി വെച്ച് അദ്ദേഹം നമ്മളെ അത്ഭുതപ്പെടുത്തും," ട്രംപ് മോദിയെ വാനോളം പുകഴ്ത്തി. പശ്ചിമേഷ്യയിൽ ഇന്ത്യക്ക് വലിയ റോളുണ്ടെന്നും മോദി നേതാവായിരിക്കുമ്പോൾ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Trump calls him a calm and tough guy, Modi says he's happy to see him; Leaders heap praise on each other during meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.