ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ചൈനക്കെതിരെയും തീരുവ യുദ്ധം തുടങ്ങാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനക്കുമേൽ 50 ശതമാനം മുതൽ 100 ശതമാനം വരെ തീരുവ ചുമത്താൻ ട്രംപ് നാറ്റോയോട് നിർദേശിച്ചു. എങ്കിൽ മാത്രമേ റഷ്യക്ക് നൽകുന്ന സഹായങ്ങൾ ഇല്ലാതാകുവെന്നും അതുവഴി യുക്രെയ്ൻ യുദ്ധം അവസാനിക്കുവെന്നും ട്രംപ് പറഞ്ഞു.
നാറ്റോ രാജ്യങ്ങൾ അംഗീകരിച്ചാൽ റഷ്യക്കുമേൽ വലിയ ഉപരോധം ഏർപ്പെടുത്താൻ താൻ തയാറാണ്. ഇതിനൊപ്പം നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് ഒഴിവാക്കണം. ഇതിനൊപ്പം ചൈനക്കുമേൽ 50 ശതമാനം മുതൽ 100 ശതമാനം വരെ തീരുവ ഏർപ്പെടുത്തുകയും വേണം. എങ്കിൽ മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിക്കുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
നാറ്റോയിലെ അംഗമായ തുർക്കിയയാണ് റഷ്യൻ എണ്ണ വാങ്ങുന്ന മൂന്നാമത്തെ വലിയ രാജ്യം. ചൈനയും ഇന്ത്യയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഹംഗറിയും സ്ലോവാക്യയും റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്.
ഇന്ത്യൻ, ചൈനീസ് ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തണമെന്ന് യുറോപ്യൻ യൂണിയനോടും ട്രംപ് ആവശ്യപ്പെട്ടിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമേൽ സമ്മർദം ചെലുത്തുന്നതിന് വേണ്ടിയാണ് ട്രംപിന്റെ നടപടിയെന്നാണ് സൂചന. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
റഷ്യൻ യുദ്ധത്തിലെ പണത്തിന്റെ ഉറവിടം ചൈനയും ഇന്ത്യയും വാങ്ങുന്ന എണ്ണയാണ്. പണത്തിന്റെ ഈ ഉറവിടം നിലച്ചാൽ യുദ്ധം നിർത്തുകയല്ലാതെ മറ്റ് വഴികളില്ലാതാകുമെന്ന് ട്രംപ് പറഞ്ഞു. യുറോപ്യൻ യൂണിയനിൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന പ്രതിനിധി ഡേവിഡ് ഒ സുള്ളിവനുമായുള്ള കോൺഫറൻസ് കോളിലാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. ഈ ആഴ്ച നടക്കുന്ന യുറോപ്യൻ യൂണിയൻ യോഗം ഉപരോധം സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.