വാഷിങ്ടൺ: ഇറാനെതിരെ സർവനാശകമായ സാമ്പത്തിക നടപടി പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള ബന്ധം നിലനിർത്തുന്ന ഏത് രാജ്യവും കടുത്ത സാമ്പത്തിക തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഇടക്കാല സമാധാന കരാർ അവസാനിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
“ഇറാനുമായൊരു കരാറിലെത്താൻ ഇതിനെക്കാൾ വലിയ അവസരം വേറെ ആരും നൽകിയിട്ടില്ല. എന്നാൽ ദൗർഭാഗ്യവശാൽ, അവർക്ക് അത് പ്രയോജനപ്പെടുത്താനായില്ല. അതിനാൽ, ഇന്ന് ഏതെങ്കിലും രാജ്യത്തിനെതിരെ ഇതുവരെ എടുത്തതിൽ വച്ച് ഏറ്റവും ശക്തമായ സാമ്പത്തിക നടപടി പ്രഖ്യാപിക്കുകയാണ്. ഇതൊരു അഭൂതപൂർവമായ തോതിലുള്ള സാമ്പത്തിക യുദ്ധവും ഒറ്റപ്പെടുത്തലുമായിരിക്കും,” ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. ഇറാന്റെ സാമ്പത്തിക സ്ഥാപനങ്ങൾ, ബിസിനസ്സുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവക്ക്പിന്തുണ നൽകുന്ന ഏതൊരു രാജ്യവും കനത്ത സാമ്പത്തിക തിരിച്ചടികൾ നേരിടേണ്ടിവരും. "എണ്ണ കടത്ത്, സ്വാപ്പ് ലൈനുകൾ, പണ കൈമാറ്റങ്ങൾ, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, ഫ്രണ്ട് കമ്പനികൾ - ഇവയെല്ലാം ഉടൻ തന്നെ നിർത്തേണ്ടതുണ്ട്,” ട്രംപ് കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച കാലാവധി അവസാനിച്ച കരാർ നീട്ടിക്കൊണ്ടുപോകാൻ ഇരുരാജ്യങ്ങളും തയ്യാറായിരുന്നില്ല.ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയുന്നതിൽ മാത്രമാണ് യു.എസ്. ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “പുതിയ മേഖലാ ക്രമം” പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ പശ്ചിമേഷ്യയിൽ നിന്ന് “മാന്യമായ ഒരു മടക്കം” തേടുകയാണ് യു.എസെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബഫ് പ്രതികരിച്ചു.
ഫെബ്രുവരിയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ്, ചൈന, ഇന്ത്യ, തുർക്കി, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയായിരുന്നു ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.