ഹിന്ദ് റജബ്
തെൽ അവീവ്: ഗസ്സയിൽ അഞ്ച് വയസ്സുകാരിയായ ഫലസ്തീൻ പെൺകുട്ടി ഹിന്ദ് റജബും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി ആദ്യമായി സ്ഥിരീകരിച്ചു. 2024-ൽ നടന്ന ദാരുണമായ കൊലപാതകത്തിലും, മറ്റ് ഫലസ്തീനികളുടെ മരണത്തിലും നിർണ്ണായകമായ ക്രിമിനൽ അന്വേഷണം ആരംഭിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന ഔദ്യോഗികമായി അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
ഗസ്സ സിറ്റിയിലെ തൽ അൽ-ഹവ മേഖലയിൽ വെച്ചാണ് ഹിന്ദ് റജബും ആറ് ബന്ധുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ് തകർന്ന കാറിനുള്ളിൽ ഒറ്റപ്പെട്ടുപോയ അഞ്ചുകാരി, മണിക്കൂറുകളോളം ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി ഓപ്പറേറ്റർമാരുമായി ഫോണിൽ സംസാരിച്ച് സഹായം തേടിയിരുന്നു. "എനിക്ക് പേടിയാകുന്നു, എന്നെ രക്ഷിക്കാൻ ആരെങ്കിലും വരുമോ?" എന്ന് കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്ന ആ കുരുന്നിന്റെ ശബ്ദം ലോക മനസ്സാക്ഷിയെ പിടിച്ചുലച്ചിരുന്നു.
കുട്ടിയെ രക്ഷപ്പെടുത്താനായി ഇസ്രായേൽ സൈന്യവുമായി നടത്തിയ മുൻകൂർ ഏകോപനത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ ആംബുലൻസിന് നേരെയും സൈന്യം ബോംബാക്രമണം നടത്തി. ഈ ആക്രമണത്തിൽ രണ്ട് പാരാമെഡിക്കൽ ജീവനക്കാരും കൊല്ലപ്പെട്ടു. ദിവസങ്ങൾക്ക് ശേഷമാണ് ഹിന്ദിന്റെയും മറ്റ് ബന്ധുക്കളുടെയും മൃതദേഹങ്ങൾ തകർന്ന കാറിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ അവസാന നിമിഷങ്ങളിലെ ഹൃദയഭേദകമായ ശബ്ദരേഖ പിന്നീട് ലോകമെമ്പാടും ചർച്ചയാവുകയും, സംഭവത്തെ ആസ്പദമാക്കി ഒരു ഓസ്കാർ നാമനിർദ്ദേശം നേടിയ ചിത്രം ഉൾപ്പെടെ പുറത്തുവരികയും ചെയ്തിരുന്നു.
ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പുതിയ പ്രസ്താവനയിൽ, സൈന്യത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് വാഹനം സഞ്ചരിച്ചുവെന്നാണ് അവകാശപ്പെടുന്നത്. എങ്കിലും, റെഡ് ക്രസന്റ് ആംബുലൻസിന്റെ നീക്കം ഏകോപിപ്പിക്കുന്നതിൽ വന്ന വീഴ്ചകളും തുടർന്നുള്ള വിവാദങ്ങളും കണക്കിലെടുത്ത്, സംഭവത്തിൽ മിലിട്ടറി പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഔദ്യോഗികമായി അന്വേഷണം നടത്തുമെന്ന് അവർ സമ്മതിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള നിയമനടപടികളെ പ്രതിരോധിക്കാനും, സ്വന്തം സേനയുടെ തെറ്റുകൾ പരിശോധിക്കാൻ ഇസ്രായേൽ സന്നദ്ധമാണെന്ന് കാണിക്കാനുമാണ് ഈ അന്വേഷണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
എന്നാൽ, ഇസ്രായേൽ സൈനികർക്കെതിരെയുള്ള ഇത്തരം ക്രിമിനൽ അന്വേഷണങ്ങൾ വളരെ അപൂർവ്വമായി മാത്രമേ കുറ്റകൃത്യങ്ങളിൽ കലാശിക്കാറുള്ളൂ എന്ന് മനുഷ്യാവകാശ സംഘടനകൾ ഓർമ്മിപ്പിക്കുന്നു. ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ 'യെഷ് ദിൻ' എക്സിക്യൂട്ടീവ് ഡയറക്ടർ സിവ് സ്റ്റാൾ പറയുന്നത് പ്രകാരം, സൈനികർക്കെതിരായ പരാതികളിൽ വളരെ ചുരുക്കം കേസുകളിൽ മാത്രമേ അന്വേഷണം നടക്കാറുള്ളൂ, കുറ്റക്കാരായി കണ്ടെത്തിയാൽ പോലും അതീവ ലഘുവായ ശിക്ഷകളാണ് ലഭിക്കാറുള്ളത്.
ഹിന്ദിന്റെ മരണത്തിന് പുറമെ, 2025 മാർച്ചിൽ തെക്കൻ ഗസ്സയിലെ റഫയിൽ ആംബുലൻസുകൾക്കും യു.എൻ വാഹനത്തിനും നേരെ സൈന്യം നടത്തിയ ആക്രമണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആക്രമണത്തിൽ രണ്ട് പാരാമെഡിക്കൽ ജീവനക്കാരും ഒരു യു.എൻ തൊഴിലാളിയുമടക്കം 15 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പിന്നീട് തകർന്ന വാഹനങ്ങൾക്ക് സമീപത്തുനിന്നും കണ്ടെത്തുകയായിരുന്നു. അതേസമയം, വേൾഡ് സെൻട്രൽ കിച്ചൻ ജീവനക്കാരുടെ മരണം ഉൾപ്പെടെയുള്ള മറ്റ് ചില കേസുകളിൽ ക്രിമിനൽ അന്വേഷണത്തിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ഇസ്രായേൽ സൈന്യം അവ തള്ളിക്കളഞ്ഞു. നീതിക്കായി കുടുംബങ്ങൾ വർഷങ്ങളായി നടത്തുന്ന പോരാട്ടത്തിൽ ഈ അന്വേഷണം എത്രത്തോളം ഫലം കാണുമെന്ന് കണ്ടുതന്നെ അറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.