കൊളംബോ: ശ്രീലങ്കയിൽ 55കാരന്റെ മൂത്രാശയത്തിൽനിന്ന് നീക്കം ചെയ്തത് 3.1 കിലോഗ്രാം ഭാരവും ഏകദേശം 17 സെന്റിമീറ്റർ വ്യാസവുമുള്ള ഭീമാകാരമായ മൂത്രാശയ കല്ല്. ട്രിങ്കോമാലി ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണ് അപൂർവ വലിപ്പമുള്ള കല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഈ കല്ലിന് ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ വലിപ്പവും നവജാതശിശുവിന്റെ അത്രയും ഭാരവുമുണ്ടെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ മൂത്രാശയ കല്ല് ഇതായിരിക്കാമെന്ന് ഡോക്ടർമാരുടെ നിഗമനം.
പക്ഷാഘാതം ബാധിച്ചതിനെത്തുടർന്നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കഴിഞ്ഞിരുന്ന സമയത്ത് അദ്ദേഹത്തിന് മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ഡോക്ടർമാർ ശ്രദ്ധിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ മൂത്രാശയത്തിനുള്ളിൽ അസാധാരണ വലിപ്പമുള്ള കല്ല് കണ്ടെത്തിയത്. യൂറോളജിസ്റ്റ് ഡോ. പ്രഗലാധൻ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2003-ൽ ബ്രസീലിൽനിന്ന് നീക്കം ചെയ്ത മൂത്രാശയ കല്ലാണ് ഗിന്നസ് റെക്കോർഡുകളിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ കല്ല്. 1.9 കിലോഗ്രാം ഭാരവും 17.9 സെന്റിമീറ്റർ വ്യാസവുമുള്ളതായിരുന്നു ഇത്.
മൂത്രാശയ കല്ല്
മൂത്രാശയത്തിൽ ധാതുക്കൾ അടിഞ്ഞുകൂടി പരലുകളായി രൂപപ്പെടുന്ന കട്ടിയുള്ള പിണ്ഡങ്ങളെയാണ് മൂത്രാശയ കല്ലുകൾ (Bladder Stones) എന്ന് വിളിക്കുന്നത്. ചികിത്സ കൂടാതെ തന്നെ മൂത്രനാളിയിലൂടെ പുറന്തള്ളാൻ കഴിയുന്നത്ര ചെറിയതായിരിക്കാം ചില മൂത്രാശയ കല്ലുകൾ. എന്നിരുന്നാലും, വലിയ കല്ലുകൾ വേദന, അസ്വസ്ഥത, മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകും. 4 സെന്റിമീറ്ററിലധികം വലിപ്പമുള്ള കല്ലുകളെ സാധാരണയായി ഭീമാകാരമായ മൂത്രാശയ കല്ലുകൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ കേസിൽ നീക്കം ചെയ്തത് 17 സെന്റിമീറ്റർ വലിപ്പമുള്ള കല്ലാണ്.
എങ്ങനെ രൂപപ്പെടുന്നു
മൂത്രാശയത്തിൽ കല്ലുകൾ രൂപപ്പെടാൻ നിരവധി കാരണങ്ങളുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ച, മൂത്രതടസ്സം, മൂത്രനാളിയിൽ ആവർത്തിച്ചുള്ള അണുബാധ, മൂത്രാശയത്തെ നിയന്ത്രിക്കുന്ന നാഡികളിലെ പ്രശ്നങ്ങൾ എന്നിവ കല്ലുകൾ രൂപപ്പെടാൻ കാരണമാകും. മൂത്രനാളിയിൽ ദീർഘകാലമായി കത്തീറ്റർ (Catheter) ഉപയോഗിക്കുന്നതും മൂത്രാശയ കല്ലുകൾ രൂപപ്പെടാൻ ഇടയാക്കും. മൂത്രം ദീർഘകാലം മൂത്രാശയത്തിൽ തങ്ങിനിൽക്കുമ്പോൾ, ധാതുക്കൾ പരലുകളായി മാറാനും ക്രമേണ കട്ടിയുള്ള പിണ്ഡമായി രൂപപ്പെടാനും എളുപ്പമായിത്തീരുന്നു.
ലക്ഷണങ്ങൾ
ചെറിയ മൂത്രാശയ കല്ലുകൾ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാക്കണമെന്നില്ല. കല്ല് വലുതാകുമ്പോൾ ലക്ഷണങ്ങൾ കാണാൻ സാധിക്കും.
മൂത്രമൊഴിക്കുമ്പോൾ വേദനയോ നീറ്റലോ അനുഭവപ്പെടുക
മൂത്രമൊഴിച്ച് തുടങ്ങാനോ അതിന്റെ ഒഴുക്ക് നിലനിർത്താനോ ഉള്ള ബുദ്ധിമുട്ട്
മൂത്രത്തിന്റെ ഒഴുക്ക് കുറയുകയോ ഇടയ്ക്കിടെ തടസ്സപ്പെടുകയോ ചെയ്യുക
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുകയോ പെട്ടെന്ന് മൂത്രമൊഴിക്കേണ്ട അവസ്ഥ ഉണ്ടാവുകയോ ചെയ്യുക
മൂത്രത്തിൽ രക്തം കാണപ്പെടുക
അടിവയറ്റിൽ വേദന
മൂത്രസംബന്ധമായ ലക്ഷണങ്ങൾ അവഗണിക്കരുത്. നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുകയാണെങ്കിൽ മൂത്രാശയ കല്ലുകൾ ശസ്ത്രക്രിയ കൂടാതെ തന്നെ പുറത്തുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.