വാഷിങ്ടൺ: ഇസ്രായേലും ലബനാനും 10 ദിവസത്തെ വെടിനിർത്തലിന് ധാരണയിലെത്തി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്.
ഇന്ന് അർധ രാത്രി മുതൽ പ്രാബല്യത്തിൽ വരും. ലബനാൻ പ്രസിഡന്റ് ജോസഫ് ഔനുമായും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായും മനോഹരമായ സംഭാഷണം നടന്നു -ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി. ഈ രണ്ട് നേതാക്കളും തങ്ങളുടെ രാജ്യങ്ങൾ തമ്മിൽ സമാധാനം കൈവരിക്കുന്നതിനായി പ്രാദേശിക സമയം വൈകീട്ട് അഞ്ചിന് ഔദ്യോഗികമായി 10 ദിവസത്തെ വെടിനിർത്തൽ ആരംഭിക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ശാശ്വത സമാധാനം കൈവരിക്കുന്നതിനായി ഇസ്രായേലുമായും ലബനാനുമായും ചേർന്ന് പ്രവർത്തിക്കാൻ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോടും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയോടും യു.എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്‌നിനോടും നിർദേശിച്ചതായും ട്രംപ് പറഞ്ഞു.
നേരത്തെ, 34 വർഷത്തെ ഇടവേളക്ക് ശേഷം ഇസ്രായേൽ-ലബനാൻ ഭരണത്തലവന്മാർ നേരിട്ട് സംസാരിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെയായിരുന്നു ചർച്ച തീരുമാനിച്ചിരുന്നത്. ഇതിന് മുന്നോടിയായി ചർച്ചക്ക് മാധ്യസ്ഥ്യം വഹിക്കുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോയുമായി ഔൻ സംസാരിച്ചിരുന്നു. ലബനാനിൽ വെടിനിർത്താതെ ചർച്ച മുന്നോട്ടുപോകില്ലെന്ന് ഔൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് നെതന്യാഹു നിലപാട് മാറ്റിയത്. അതേസമയം, വെടിനിത്തൽ വാർത്ത സ്ഥിരീകരിച്ച ഇസ്രായേൽ, പക്ഷേ ലബനാനിൽ സൈന്യം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ലബനാനുമായി വെടിനിർത്തൽ ധാരണയിലെത്തിയ വിവരം ഇസ്രായേലിന്റെ സുരക്ഷാ കാബിനറ്റ് അംഗങ്ങളെ ഫോണിലൂടെയാണ് നെതന്യാഹു അറിയിച്ചത്. ട്രംപിന്‍റെ പ്രഖ്യാപനത്തിനു അഞ്ചു മിനിറ്റ് മുമ്പ് മാത്രമാണ് മന്ത്രിമാർക്ക് ഇതുമായി ബന്ധപ്പെട്ട വിവരം കൈമാറിയത്. വിവരം നേരത്തെ അറിയിക്കാത്തതിൽ മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ നെതന്യാഹുവിനെയും ലബനാൻ പ്രസിഡന്‍റിനെയും ട്രംപ് വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചു. 1983നുശേഷം ഇസ്രായേലും ലബനാനും തമ്മിലുള്ള ആദ്യ അർഥവത്തായ ചർച്ചകൾക്കായി ഇരുവരെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്നു. ഇരു പക്ഷങ്ങളും സമാധാനം കാണാൻ ആഗ്രഹിക്കുന്നു, അത് വേഗത്തിൽ സംഭവിക്കുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
ലബനാനിൽ വ്യാപക ആക്രമണമാണ് ഇസ്രായേൽ നടത്തിയിരുന്നത്. ഇതുവരെ ലബനാനിൽ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 12 ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. തെക്കൻ ലബനാനിൽ ഇസ്രായേൽ സൈന്യം നടത്തുന്ന കരയുദ്ധം കൂടുതൽ വ്യാപിപ്പിക്കാൻ നെതന്യാഹു കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
ഹിസ്ബുല്ലയെ നിരായുധരാക്കി അതിർത്തിയിൽ സ്ഥിരമായ സമാധാനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇസ്രായേൽ വാദിക്കുന്നത്. എന്നാൽ, ഇസ്രായേൽ സൈന്യം ലബനാനിൽ നിന്ന് പിന്മാറണമെന്നും അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നുമാണ് ലബനാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ വധിക്കപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ യുദ്ധം കൊടുമ്പിരി കൊണ്ടത്. ഇതിനെത്തുടർന്ന് ഹിസ്ബുല്ല ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കിയിരുന്നു. ഇസ്രായേൽ ലബനാനിൽ കരയുദ്ധം ആരംഭിക്കുകയും ചെയ്തിരുന്നു.
ഇസ്രായേൽ സൈന്യം ബോംബിട്ട് തകർത്ത തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് വരുന്ന ലബനാൻ അഭയാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.