വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വളാദിമിർ പുടിനുമായി നിർണായക കൂടിക്കാഴ്ചക്ക് അലാസ്കയിലേക്ക് തിരിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾക്ക് അമേരിക്കൻ നഗരമായ അലാസ്ക വേദിയാവും.
അലാസ്കയിലെ ആങ്കറേജിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ് റിച്ചാർഡ്‌സണിൽ വെള്ളിയാഴ്ച അർധരാത്രിയാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. നാലു വർഷത്താളം നീണ്ട യുദ്ധത്തിന് വിരാമമിടാൻ ചർച്ച വഴിവെക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ഏഴു വർഷത്തിനിടെ ആദ്യമായാണ് ഇരു നേതാക്കളും നേരിൽ കാണുന്നത്.
പുടിൻ ഒരു ‘മിടുക്കൻ’ ആണെന്നും അദ്ദേഹം നല്ല ബഹുമാന നിലവാരം പുലർത്തുന്നു എന്നുമായിരുന്നു അലാസ്കയിലേക്ക് തിരിക്കും മുമ്പ് ട്രംപിന്റെ വാക്കുകൾ. ‘അദ്ദേഹം റഷ്യയിൽ നിന്ന് ധാരാളം ബിസിനസുകാരെ കൊണ്ടുവരുന്നത് ഞാൻ ശ്രദ്ധിച്ചു. അത് നല്ലതാണ്. എനിക്ക് അത് ഇഷ്ടമാണ്. കാരണം അവർ കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷേ, യുദ്ധം നിർത്തുന്നതുവരെ അവർ കച്ചവടം ചെയ്യുകയില്ല.’ എന്നും ട്രംപ് പറഞ്ഞു.
യുക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണങ്ങളെക്കുറിച്ച് പുടിൻ ‘കൂടുതൽ നല്ല ഒരു വേദിയൊരുക്കാൻ ശ്രമിക്കുകയാണെന്നും’ അദ്ദേഹം ഒരു മികച്ച കരാറിനുളള ഒരുക്കത്തിലാണെന്നും’ താൻ കരുതുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. അലാസ്കയിൽ നടക്കാനിരിക്കുന്ന യോഗത്തെക്കുറിച്ച് യുക്രേനുകാർ എന്താണ് ചിന്തിക്കുന്നതെന്ന് താൻ മനസ്സിലാക്കി വരികയാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ, കൂടിക്കാഴ്ചയുടെ ഒരു ഫലം തടവുകാരെ മാറ്റാനുള്ള കരാറായിരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അലാസ്കയിലേക്കുള്ള യാത്രക്കിടെ പുടിൻ റഷ്യയുടെ കിഴക്കൻ നഗരമായ മഗദാനിൽ എത്തി. അവിടെ പ്രാദേശിക ഉദ്യോഗസ്ഥരുമായി ലഘുവായ കൂടിക്കാഴ്ചകൾ നടത്തി. ആത്മവിശ്വാസവും നിയന്ത്രണവും പ്രകടിപ്പിക്കാൻ ഉദ്ദേശിച്ച് പ്രധാന സംഭവങ്ങൾക്ക് മുമ്പ് പുടിൻ പതിവായി പ്രയോഗിക്കുന്ന ഒരു തന്ത്രമാണിതെന്ന് നിരീക്ഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.