അക്രമികൾ അഴിഞ്ഞാടു​േമ്പാൾ ആഘോഷിച്ച്​ ട്രംപ്​ കുടുംബം; കൈകൊട്ടിയും പാട്ടുകേട്ടും രസിക്കുന്നതിന്‍റെ വീഡിയോ പുറത്ത്​

കാപിറ്റോൾ മന്ദിരത്തിൽ അക്രമികൾ അഴിഞ്ഞാടു​േമ്പാൾ ആസ്വദിച്ച്​ ട്രംപ്​ കുടുംബം. പാട്ടുകേട്ടും കയ്യടിച്ചും അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന ട്രംപിന്‍റെയും കുടുംബാംഗങ്ങളുടേയും വീഡിയോ പുറത്തുവന്നു.യുഎസ് പ്രസിഡന്‍റ്​ ഡൊണാൾഡ് ട്രംപ്, മകൾ ഇവാങ്ക, മകൻ ഡോൺ ജൂനിയർ തുടങ്ങിയവരാണ്​ അക്രമികളെ ടെലിവിഷനിൽ കണ്ട്​ ആഹ്ലാദം  പങ്കുവയ്​ക്കുന്നത്​. ഡോൺ ജൂനിയർ തന്‍റെ മൊബൈലിൽ ചിത്രീകരിച്ചതാണ്​ വീഡിയോ. മാഗ മാർച്ച്​ എന്നറിയപ്പെട്ട ട്രംപ്​ അനുകൂലികളുടെ പ്രകടനത്തിനിടെ കടുത്ത അക്രമങ്ങളാണ്​ അമേരിക്കയിൽ നടന്നത്​.


'ദേശസ്‌നേഹി'കൾക്ക് ഡോൺ ജൂനിയർ നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റിൽ ഇവാങ്ക ട്രംപും അവരെ 'ദേശസ്നേഹികൾ' എന്ന്​ വിളിച്ചിരുന്നു. ഒന്നിലധികം ടിവി സ്‌ക്രീനുകളിൽ കാപ്പിറ്റോളിലേക്ക് മാർച്ച്‌ ചെയ്യുന്ന അക്രമിസംഘത്തിന്‍റെ വാർത്താ ഫുട്ടേജുകൾ ട്രംപും കൂട്ടരും കാണുന്നതും വീഡിയോയിലുണ്ട്​.

പശ്​ചാത്തലത്തിൽ പോപ്പ് ഗാനം ഉച്ചത്തിൽ ഇട്ടിരിക്കുന്നതും വീഡിയോയിലെ മറ്റുള്ളവർ ചിരിക്കുന്നതും നൃത്തം ചെയ്യുന്നതും കാണാം. വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. കാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ച്​ കയറിയ ട്രംപ്​ അനുകൂലികളെ ആഭ്യന്തര തീവ്രവാദികൾ എന്നാണ്​ നിയുക്​ത പ്രസിഡന്‍റ്​ ജോ ബൈഡൻ കഴിഞ്ഞദിവസം വിളിച്ചത്​. വാഷിങ്​ടണിൽ നടന്ന കലാപത്തിന്‍റെ ഉത്തരവാദിത്വം ട്രംപിനാണെന്നും ബൈഡൻ പറഞ്ഞിരുന്നു. 'കുറ്റവാളികളെ പ്രതിഷേധക്കാർ എന്ന് വിളിക്കരുത്. പകരം കലാപകാരികളായ ജനക്കൂട്ടം ആഭ്യന്തര തീവ്രവാദികൾ എന്നാണ്​ അവരെ വിളിക്കേണ്ടത്' -​വിൽമിങ്​ടണിൽ ബൈഡൻ പറഞ്ഞു.

ബുധനാഴ്ചയാണ്​​ അമേരിക്കയിൽ ചരിത്രത്തിൽ മുമ്പില്ലാത്ത വിധം അക്രമികൾ പാർലമെന്‍റ് മന്ദിരത്തിൽ അഴിഞ്ഞാടിയത്​. ആയിരക്കണക്കിന് ട്രംപ് അനുകൂലികളാണ് അക്രമാസക്തരായി വാഷിങ്ടൺ ഡി.സിയിലെ കാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചുകയറിയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തെറിഞ്ഞും കെട്ടിടത്തിൽ വലിഞ്ഞുകയറിയും ഔദ്യോഗിക കസേരകളിൽ ഇരുന്നും അക്രമികൾ അഴിഞ്ഞാടി. ബുധനാഴ്ച ഉച്ചയോടെയാണ് പാർലമെന്‍റ് മന്ദിരത്തിലേക്ക് അക്രമികൾ ഇരച്ചുകയറിയത്.

ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു അക്രമം. ട്രംപിനെ അനുകൂലിച്ച് നടന്ന റാലിയിൽ ‍ആയിരങ്ങൾ അണിനിരന്നിരുന്നു. ഇവർ പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ ഒത്തുകൂടുകയും വ്യാപക അക്രമം അഴിച്ചുവിടുകയുമായിരുന്നു.


Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.