ദാർഫുർ: ആഭ്യന്തര യുദ്ധത്തിനിടെ സുഡാനിലെ വിമത സൈന്യമായ ആർ.എസ്.എഫ് സ്ത്രീകളെയും കുട്ടികളെയും വ്യാപകമായി ലക്ഷ്യമിടുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള എൽ ഫാഷർ നഗരത്തിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിച്ച 19 സ്ത്രീകളെയെങ്കിലും ആർ.എസ്.എഫ് അംഗങ്ങൾ ബലാൽസംഗം ചെയ്തതായി സുഡാനിലെ പ്രമുഖ ഡോക്ടർമാരുടെ നെറ്റ്‍വർക്ക് ആരോപിച്ചു. അതിൽ രണ്ട് സ്ത്രീകൾ ഗർഭിണികളായിരുന്നുവെന്ന് സംഘം പറഞ്ഞു. അയൽദേശമായ വടക്കൻ സംസ്ഥാനത്തെ അൽ ഡബ്ബ പട്ടണത്തിലേക്ക് പലായനം ചെയ്ത സ്ത്രീകൾക്കിടയിലാണ് ബലാത്സംഗങ്ങൾ രേഖപ്പെടുത്തിയത്.
ആർ.എസ്.എഫ് അംഗങ്ങൾ നടത്തുന്ന കൂട്ട ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ കൂടുതലാണെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് സുഡാൻ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്കിന്റെ വക്താവ് മുഹമ്മദ് എൽഷൈഖ് അൽ ജസീറയോട് പറഞ്ഞു. ബലാത്സംഗത്തിന് ഇരയാന്‍വർ 15 നും 23 നും ഇടയിൽ പ്രായമുള്ളവരാണ്. മിക്ക സമൂഹങ്ങളും ഇതിനെ ഒരു കളങ്കമായി കാണുന്നതിനാൽ ഇവരിൽ ഭൂരിഭാഗവും ഈ വിവരങ്ങൾ വെളിപ്പെടുത്താൻ സന്നദ്ധത കാണിക്കുന്നില്ല.
എൽ ഫാഷറിൽ നിന്ന് അടുത്തുള്ള പട്ടണമായ തവിലയിലേക്ക് പലായനം ചെയ്ത സ്ത്രീകൾക്കിടയിൽ 23 ബലാത്സംഗ കേസുകളും തങ്ങൾ രേഖപ്പെടുത്തിയതായി എൽ ഷൈഖ് പറഞ്ഞു. സുഡാനിലെ സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്ക് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു.
‘എൽ ഫാഷറിന്റെ ഭീകരതയിൽ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകൾക്കെതിരെ ആർ.എസ്.എഫ് നടത്തുന്ന കൂട്ടബലാത്സംഗത്തെ സുഡാൻ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്ക് ശക്തമായി അപലപിക്കുന്നു. സ്ത്രീകളുടെ ശരീരങ്ങൾ അടിച്ചമർത്തൽ ആയുധമായി ഉപയോഗിക്കുന്നത് കുറ്റകരമാക്കുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണിത്. സ്ത്രീകളെ നേരിട്ട് ലക്ഷ്യം വെക്കുന്നുവെന്ന് ഇത് സ്ഥിരീകരിക്കുന്നു’ - ഗ്രൂപ്പ് എക്‌സിൽ എഴുതി.
2023 ഏപ്രിലിൽ സുഡാൻ സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്‌എഫും തമ്മിൽ പോരാട്ടം ആരംഭിച്ചതിനുശേഷം, സുഡാൻ ആഭ്യന്തരയുദ്ധത്തിൽ മുങ്ങിത്താഴുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, സംഘർഷത്തിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും 12 ദശലക്ഷത്തിലധികം ആളുകൾ വീടുകളിൽനിന്ന് കുടിയിറക്കപ്പെടുകയും ചെയ്തു. ഏകദേശം 30 ദശലക്ഷത്തിലധികം ആളുകൾക്ക് മാനുഷിക സഹായം ആവശ്യമായി വന്നിട്ടുണ്ട്.
18 മാസത്തെ ഉപരോധത്തിനും പട്ടിണിക്കും ശേഷം ഒക്ടോബറിൽ ആർ.എസ്.എഫ് നോർത്ത് ദാർഫുർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എൽ ഫാഷർ നഗരം പിടിച്ചെടുത്തു. മേഖലയിലെ സുഡാനീസ് സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായിരുന്നു ഈ നഗരം. തുടർന്നുള്ള ദിവസങ്ങളിൽ നഗരം വിട്ട് പലായനം ചെയ്തവർ കൂട്ടക്കൊലകൾ, ബലാത്സംഗം, കൊള്ള, മറ്റ് അതിക്രമങ്ങൾ എന്നിവയെക്കുറിച്ച് വിവരിച്ചത് അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായി.
ആംനസ്റ്റി ഇന്റർനാഷണൽ ആർ.എസ്.എഫിനെതിരെ യുദ്ധക്കുറ്റകൃത്യങ്ങൾ ആരോപിച്ചു. അതേസമയം, യു.എൻ മനുഷ്യാവകാശ കൗൺസിൽ എൽ ഫാഷറിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. ദാർഫുർ സന്ദർശിക്കുകയും അതിജീവിച്ചവരുമായി സംസാരിക്കുകയും ചെയ്ത ഉദ്യോഗസ്ഥർ ‘തികച്ചും ഭീകരമായ കാഴ്ച’ എന്നും ‘കുറ്റകൃത്യങ്ങളുടെ ഭൂമി’ എന്നും വിശേഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.