ധാക്ക: ബംഗ്ലാദേശിൽ അധികാരഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വിചാരണ തുടങ്ങി. 2024ലെ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചുമത്തിയാണ് അവരുടെ അസാന്നിധ്യത്തിൽ വിചാരണ ആരംഭിച്ചത്.
ശൈഖ് ഹസീന എല്ലാ കുറ്റകൃത്യങ്ങളുടെയും അച്ചുതണ്ടാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും സർക്കാർ നിയോഗിച്ച ചീഫ് പ്രോസിക്യൂട്ടർ താജുൽ ഇസ്ലാം പറഞ്ഞു. ശൈഖ് ഹസീന നയിച്ച അവാമി ലീഗ് സർക്കാറിലെ ആഭ്യന്തരമന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമാൽ, പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽമഅ്മൂൻ എന്നിവരും കേസിൽ കൂട്ടുപ്രതികളാണ്.
അവാമി ലീഗ് സർക്കാറിന് പുറത്തേക്ക് വഴി തെളിച്ച വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച അതിക്രമങ്ങളാണ് പ്രധാനമായും വിചാരണ നടക്കുന്നത്. ശൈഖ് ഹസീനയും കമാലും നാടുവിട്ടിട്ടുണ്ട്. എന്നാൽ, കസ്റ്റഡിയിലുള്ള മഅ്മൂൻ മാപ്പുസാക്ഷിയാകുമെന്ന് സമ്മതിച്ചിട്ടുണ്ട്.
ആഗസ്റ്റ് അഞ്ചിനാണ് ഹസീന നാടുവിട്ട് ഇന്ത്യയിൽ അഭയം തേടിയത്. കമാലും നാടുവിട്ടിട്ടുണ്ട്. ഹസീനയെ വിട്ടുകിട്ടാൻ മുഹമ്മദ് യൂനുസ് സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.