കീവ്: അധിനിവേശ യുക്രയിൻ നിന്ന് രണ്ടാഴ്ചത്തെ സമ്മർ ക്യാംപിലേക്ക് എന്ന് പറഞ്ഞ് റഷ്യൻ അധികൃതർ കടത്തിക്കൊണ്ടുപോയ കുട്ടികൾ നേരിട്ടത് മൃഗീയ പീഡനങ്ങൾ. തങ്ങളോട് മൃഗങ്ങളോടെന്ന പോലെയാണ് പെരുമാറിയതെന്നും എലികൾ നിറഞ്ഞ ഹാളുകളിലായിരുന്നു താമസിപ്പിച്ചതെന്നും രക്ഷപ്പെട്ടെത്തിയ കുട്ടികൾ പറഞ്ഞു.
അധിനിവേശ യുക്രയിൻ നിന്ന് റഷ്യ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിക്കപ്പെടുന്ന 30ൽ ആധികം കുട്ടികളാണ് നീണ്ട കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസം തങ്ങളുടെ കുടുംബത്തിന്‍റെ അടുത്തെത്തിയത്. മനുഷ്യാവകാശ സംഘനടകളുടെ ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവർക്ക് മാതാപിതാക്കളുടെ അടുത്തെത്താനായത്. അഞ്ചാമത്തെ രക്ഷപ്പെടുത്തൽ ദൗത്യമാണ് തങ്ങൾ പൂർത്തീകരിച്ചതെന്ന് സേവ് യുക്രയിൻ ചാരിറ്റി സ്ഥാപകൻ മൈകൊല കുലേബ അറിയിച്ചു.യുക്രയിൻ അതിർത്തിയിൽ അമ്മമാർ മക്കളെ വാരിപ്പുണരുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. അധിനിവേശ പ്രദേശങ്ങളിൽ നിന്ന് 19500 കുട്ടികളെ റഷ്യ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് ഉക്രെയിൻ അധികൃതരുടെ കണക്ക്.
നാല് മുതൽ ആറ് മാസം വരെ സമ്മർ ക്യാമ്പുകളിൽ തുടരാൻ തങ്ങളെ നിർബന്ധിതരാക്കുകയായിരുന്നുവെന്നും തങ്ങളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയെന്നും കുട്ടികൾ പറഞ്ഞു. "ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് പരിഗണിച്ചത്. ഞങ്ങളെ ഒരു പ്രത്യേക കെട്ടിടത്തിലാണ് അടച്ചത്," രക്ഷപ്പെട്ടെത്തിയ കുട്ടികളിലൊരാൾ പറഞ്ഞു. അഞ്ച് മാസത്തിനിടെ അഞ്ച് തവണ താമസം മാറിയ കുട്ടികളുമുണ്ടായിരുന്നു തിരിച്ചെത്തിയവരിൽ. എലികളുടെയും കൂറകളുടെയും കൂടെയാണ് താമസിപ്പിച്ചതെന്ന് ചില കുട്ടികൾ പറഞ്ഞു. റഷ്യൻ അധികാരികൾ മാതാപിതാക്കളിൽ സമ്മർദ്ദം ചെലുത്തിയാണ് തങ്ങളെ കൊണ്ടുപോയതെന്നും തിരിച്ചെത്തിയ കുട്ടികളിൽ ചിലർ പറഞ്ഞു.
കുട്ടികളെ തട്ടിക്കൊണ്ടു പോയതാണെന്ന ആരോപണം റഷ്യ നിഷേധിക്കുന്നുണ്ട്. കുട്ടികളെ സുരക്ഷയ്ക്കായി കൊണ്ടു പോയതാണെന്നാണ് റഷ്യയുടെ ന്യായീകരണം. വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതി റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുട്ടിനും ചിൽഡ്രൻസ് റൈറ്റ്സ് കമ്മീഷനും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.