വൈറ്റ് ഹൗസ് കോംപ്ലക്സിൽ നിർമിക്കുന്ന പുതിയ ബോൾറൂം നിർമാണ പദ്ധതിയുടെ ദൃശ്യങ്ങൾ

‘വൈറ്റ് ഹൗസ് പ്രസിഡന്റിന്റെ സ്വത്തല്ല, താൽക്കാലിക താമസക്കാരൻ’; ട്രംപിന്റെ നവീകരണ പദ്ധതിക്ക് നീക്കങ്ങൾക്ക് കോടതിയുടെ സ്റ്റേ

വാഷിങ്ടൺ: വൈറ്റ് ഹൗസിലെ ചരിത്രപ്രസിദ്ധമായ ഈസ്റ്റ് വിങ് പൊളിച്ചുമാറ്റി ബോൾറൂം നിർമിക്കാനുള്ള ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. 400 മില്യൺ ഡോളർ ചെലവിലുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് ഫെഡറൽ അപ്പീൽ കോടതി സ്റ്റേ ചെയ്തു. അമേരിക്കൻ പ്രസിഡന്റിന്റെ അധികാരപരിധിയെ ചോദ്യം ചെയ്യുന്ന ഈ കേസിൽ ട്രംപിന് ലഭിച്ച വലിയൊരു തിരിച്ചടിയാണിത്.

പ്രസിഡന്റ് വൈറ്റ് ഹൗസിന്റെ ഉടമയല്ല, മറിച്ച് താൽക്കാലികമായി താമസിക്കുന്നയാൾ മാത്രമാണ് യു.എസ് കോർട്ട് ഓഫ് അപ്പീൽസ് ചൂണ്ടിക്കാണിച്ചു. കോൺഗ്രസിന്റെ അനുമതിയില്ലാതെ വൈറ്റ് ഹൗസിന്റെ ഘടനയിൽ ഇത്രയും വലിയ മാറ്റങ്ങൾ വരുത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി വിധിച്ചു.

ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ പാലിക്കാതെ മുന്നോട്ടുപോകാൻ എക്സിക്യൂട്ടീവിന് സാധിക്കില്ലെന്ന് കോടതിയുടെ ഭൂരിപക്ഷ ബെഞ്ച് വ്യക്തമാക്കി. അതേസമയം, യു.എസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനായി ഈ ഉത്തരവ് 14 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. വിധി അങ്ങേയറ്റം അനീതിപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വിശേഷിപ്പിച്ച ട്രംപ്, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

ബോൾറൂം പദ്ധതിയെക്കുറിച്ച് സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് തങ്ങൾ ഇത് നിർമിക്കുന്നതെന്ന് ട്രംപ് ന്യായീകരിച്ചു. ബോംബ് ഷെൽട്ടറുകൾ, അത്യാധുനിക മെഡിക്കൽ സൗകര്യങ്ങൾ, ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ഈ സുരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കുന്നത് സന്ദർശകരെയും ഉദ്യോഗസ്ഥരെയും അപകടത്തിലാക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാൽ, ദേശീയ സുരക്ഷയുടെ പേരിൽ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്താനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ട്രംപ് നിയമിച്ച ജഡ്ജിയായ നിയോമി റാവു ഈ വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും, മറ്റ് രണ്ട് ജഡ്ജിമാർ നിർമാണം തടയുന്ന ഉത്തരവിനെ പിന്തുണക്കുകയാണുണ്ടായത്. ചരിത്രപരമായ സ്മാരകങ്ങളെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ലഭിച്ച വലിയൊരു വിജയമാണിതെന്ന് നാഷണൽ ട്രസ്റ്റ് പ്രസിഡന്റ് ബ്രെന്റ് ലെഗ്സ് പ്രതികരിച്ചു. 

ബോൾറൂം നിർമാണത്തിന് മാർച്ച് 31ന് ഫെഡറൽ കോടതി താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് നീക്കം ചെയ്യുന്നതിനാണ് ട്രംപ് ഭരണകൂടം അപ്പീൽ കോടതിയെ സമീപിച്ചത്. 

Tags:    
News Summary - US appeals court blocks Trump’s White House ballroom project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.