സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയയും
മാഡ്രിഡ്: മൊറോക്കോയിൽ നിന്ന് സ്പെയിനിലെ സ്യൂതയിലേക്ക് വൻതോതിൽ കുടിയേറ്റക്കാരെത്തിയ സംഭവത്തെ തുടർന്ന് ആരംഭിച്ച ഇറ്റലിയുമായുള്ള തർക്കം രൂക്ഷമാകുന്നു. ഇറ്റലിയിൽ നിന്നുള്ള വിമാന, കടൽ യാത്രകൾക്ക് സ്പെയിൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്ന നിയന്ത്രണം ഒരു മാസത്തേക്കാണ്. മൊറോക്കോയിൽ നിന്ന് ഏകദേശം 78,000 കുടിയേറ്റക്കാർ സ്യൂതയിലെത്തിയതിനെ തുടർന്ന് ഇറ്റലി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് സ്പെയിനിന്റെ നടപടി.
ഇറ്റലി ഏർപ്പെടുത്തിയ പരിശോധനകൾ ഞായറാഴ്ചക്കകം പിൻവലിക്കണമെന്ന് സ്പെയിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ആഗസ്റ്റ് 15 വരെയെങ്കിലും തുടരുമെന്ന് ഇറ്റലി വ്യക്തമാക്കി.
ഈ പ്രതിസന്ധി സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള രാഷ്ട്രീയ തർക്കമായി മാറിയിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിൽ കൂടുതൽ കർശനമായ കുടിയേറ്റ നിയമങ്ങൾ വേണമെന്ന് മെലോണി ദീർഘകാലമായി ആവശ്യപ്പെട്ടുവരികയാണ്.
സ്പെയിനും ഇറ്റലിയും തമ്മിൽ കര അതിർത്തിയില്ല. സ്യൂതയിൽ പ്രവേശിച്ച കുടിയേറ്റക്കാർ ഇറ്റലിയിലേക്ക് യാത്ര ചെയ്യുന്നത് തടയുന്നതിനാണ് താൽക്കാലികമായി ഷെങ്കൻ വിസ സംവിധാനം നിർത്തിവെച്ചതെന്ന് ഇറ്റലി ഭരണകൂടം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറ്റലിയുടെ ഈ നിലപാട് സ്പെയിൻ തള്ളി. ഇത് അടിസ്ഥാനരഹിതമായ വാദങ്ങളാണെന്നും സ്യൂതയിൽ പ്രവേശിച്ച കുടിയേറ്റക്കാർക്ക് ഷെങ്കൻ മേഖലയിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്നും സ്പെയിൻ വ്യക്തമാക്കി.
സ്പെയിൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇറ്റലി ഭരണകൂടം അന്ത്യശാസനങ്ങൾ അംഗീകരിക്കില്ലെന്ന് പ്രതികരിച്ചു. സ്പെയിനിൽ നിന്ന് എത്തുന്ന യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിലെ പൗരന്മാർക്ക് ബാധകമാക്കിയ ഷെങ്കൻ നിയന്ത്രണങ്ങൾ ആഗസ്റ്റ് 15 വരെ പിൻവലിക്കില്ലെന്നും ഇറ്റലി വ്യക്തമാക്കി. ഇറ്റലിയുടെ സുരക്ഷക്കും ഭീകരവാദ ഭീഷണികൾക്കും ഉള്ള സാധ്യത പൂർണമായും ഇല്ലാതാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും ഭരണകൂടം അറിയിച്ചു. ഇതോടെ ഷെങ്കൻ വിസയിൽ യാത്ര ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ളവരും കൂടുതൽ പരിശോധനകൾ നേരിടേണ്ടിവരും.
സ്പെയിനിൽ നിന്ന് ഇറ്റലിയിലെത്തുന്ന സ്പാനിഷ് പൗരന്മാർക്ക് അധിക പരിശോധനകൾ ബാധകമല്ലെന്നും ഇറ്റലി വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്മാർക്കും അധിക പരിശോധനകൾ നേരിടേണ്ടിവരില്ല. യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് അധിക പരിശോധനകൾ ബാധകമാകുകയെന്നും സ്പെയിനിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് പരമാവധി സൗകര്യം ഉറപ്പാക്കാൻ പ്രാദേശിക അധികൃതർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ഇറ്റാലിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, സ്പെയിനിൽ നിന്നെത്തുന്ന യാത്രക്കാരെ പ്രത്യേക പരിശോധനാ നിരയിലേക്ക് മാറ്റുന്നതിനെ തുടർന്ന് ഇറ്റലിയിലെ നിരവധി വിമാനത്താവള ടെർമിനലുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നീണ്ട ക്യൂ ഉണ്ടായതായി സ്പാനിഷ് ദിനപത്രമായ എൽ പായിസ് റിപ്പോർട്ട് ചെയ്തു.
ഇറ്റലിയുടെ നടപടിക്ക് മറുപടിയായി സ്പെയിൻ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇറ്റലിയിൽ നിന്ന് എത്തുന്ന ഇറ്റാലിയൻ പൗരന്മാരുടെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെയും പാസ്‌പോർട്ട്, പൗരത്വം, വിസ എന്നിവ പരിശോധിക്കുന്ന നടപടികൾ ഉൾപ്പെടും. രാജ്യത്ത് തുടരുന്ന നിയമവിരുദ്ധ കുടിയേറ്റ സമ്മർദം കണക്കിലെടുത്താണ് നടപടിയെന്ന് സ്പാനിഷ് ഭരണകൂടം അറിയിച്ചു. ഈ നിയന്ത്രണങ്ങൾ സെപ്റ്റംബർ 7 വരെ തുടരുമെന്നും നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായ സാഹചര്യങ്ങളിൽ മാറ്റമുണ്ടായാൽ കാലാവധി പരിഷ്‌കരിക്കാമെന്നും ഭരണകൂടം വ്യക്തമാക്കി.
ഷെങ്കൻ കരാർ താൽക്കാലികമായി നിർത്തിവെക്കുന്നത് അസാധാരണ നടപടിയല്ല. സ്ലോവേനിയയുമായുള്ള അതിർത്തിയിലും ഇറ്റലി നിലവിൽ നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. ഇറ്റലിയുടെ ഒരു മാസത്തെ ഷെങ്കൻ നിയന്ത്രണത്തിന് ഫിൻലാൻഡും ഡെൻമാർക്കും പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം, സ്പെയിനിന്റെ ഷെങ്കൻ അംഗത്വം താൽക്കാലികമായി നിർത്തിവെക്കണമെന്ന് ചെക്ക് റിപ്പബ്ലിക് ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച സ്യൂതയിലെത്തിയ ഭൂരിഭാഗം കുടിയേറ്റക്കാരെയും ദിവസങ്ങൾക്കുള്ളിൽ തിരിച്ചയച്ചിരുന്നു. എന്നാൽ ഏകദേശം 1,400 പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇപ്പോഴും അവിടെ തുടരുകയാണ്. ഇവരിൽ ചിലർ വളരെ ചെറിയ പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.