പ്രഫ. നിക്ക് മേനാർഡ് ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെ ഗസ്സയിലെ ആശുപത്രിയിൽ ചികിത്സിക്കുന്നു
ലണ്ടൻ: ‘എനിക്ക് ആ കുഞ്ഞിനെ ഒരിക്കലും മറക്കാനാവില്ല. പൊള്ളലേറ്റ് അവളുടെ മുഖത്തെ എല്ലുകൾ പുറത്തുകാണുന്നുണ്ടായിരുന്നു. ആ കുഞ്ഞ് അതിജീവിക്കാൻ ഒരു സാധ്യതയുമില്ലെന്ന് ഞങ്ങൾക്കറിയാം. പക്ഷേ, കൊടുംവേദനയകറ്റാൻ അവൾക്ക് നൽകാൻ മോർഫിൻ പോലും ഇല്ല. അവൾ എന്തായാലും മരിക്കും. അത് ഏറെ വേദന തിന്നുള്ള മരണവുമായിരിക്കും. അതിനേക്കാൾ സങ്കടം, മരിക്കുന്നത് വരെ കിടക്കാൻ ഒരിടംപോലുമുണ്ടായിരുന്നില്ല. മരണം വരെ ആ കുഞ്ഞ് അത്യാഹിത വിഭാഗത്തിന്റെ തറയിലാണ് കിടന്നത്’ -പ്രഫ. നിക്ക് മേനാർഡിന്റെ വാക്കുകളിടറി. അത്രമേൽ ഭീകരമായിരുന്നു ഗസ്സയിലെ കുഞ്ഞുങ്ങളോട് ഇസ്രായേൽ സേന ചെയ്തുകൂട്ടിയത്.
ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ കൺസൾട്ടൻ്റ് ഗ്യാസ്‌ട്രോ ഇൻ്റസ്റ്റൈനൽ സർജനാണ് പ്രഫ. മേനാർഡ്. അൽശിഫയടക്കം ഗസ്സയിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്തിട്ടുണ്ട്. മാരകമായ പൊള്ളലുകളും മുറിവുകളും പരിക്കുകളുമേറ്റ ചെറിയ കുട്ടികളുടെ ദൃശ്യം ഹൃദയം തകർക്കുന്നതായിരുന്നു. ഇതിന്റെ ഭീകരത തന്നെ മരണംവരെ വേട്ടയാടുമെന്നും 61 കാരനായ അദ്ദേഹം പറഞ്ഞു.
“എൻ്റെ 35 വർഷത്തെ മെഡിക്കൽ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും ഭീതിദമായ കാഴ്ചകളായിരുന്നു ഇത്” -ഓക്‌സ്‌ഫോർഡിൽ തിരിച്ചെത്തിയ അദ്ദേഹം ടെലിഗ്രാഫിനോട് പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ പൊള്ളലേറ്റ ഒരു ആറുവയസ്സുകാരനെ ചികിത്സിച്ച ഞെട്ടിക്കുന്ന രംഗങ്ങൾ അദ്ദേഹം ഓർത്തെടുത്തു.
‘പുതുവത്സര ദിനത്തിൽ ഒരു ആറ് വയസ്സുകാരനെ പുതപ്പിൽ പൊതിഞ്ഞ് ഒറ്റയ്ക്ക് ആശുപത്രിയിലെ നിലത്ത് അർദ്ധബോധാവസ്ഥയിൽ കിടത്തിയത് കണ്ടു. അവന്റെ കൂടെ കുടുംബമൊന്നുമില്ലായിരുന്നു. ഇത്ര നേരമായിട്ടും നഴ്‌സുമാരോ ഡോക്ടർമാരോ അവനെ കണ്ടിരുന്നില്ല. ബോംബാക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ശരീരം മുഴുവൻ സാരമായി പൊള്ളലേറ്റു. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റിരുന്നു. ആ കുഞ്ഞ് ശ്വാസം വലിക്കുമ്പോഴെല്ലാം കുമിളകൾ പുറത്തു വരുന്നത് കാണാൻ കഴിയും. അവനെ കിടത്താൻ കിടക്കകളുണ്ടായിരുന്നില്ല. കോരിയെടുത്ത് ആശുപത്രിയുടെ നിലത്ത് ഒരു മൂലയിൽ കിടത്തി. ഞാനും ഒരു സഹപ്രവർത്തകനും ചേർന്ന് നെഞ്ചിലെ രക്തസ്രാവം കളയാൻ ഡ്രിപ്പുകൾ ഇട്ടു. പൊള്ളിയടർന്ന ആ പിഞ്ചുദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ രക്ഷപ്പെട്ടോ എന്ന് എനിക്കറിയില്ല’ -അദ്ദേഹം പറഞ്ഞു.
2010 മുതൽ ശസ്ത്രക്രിയ പഠിപ്പിക്കുന്നതിനായി ഗസ്സ സന്ദർശിക്കുന്ന പ്രഫ. മേനാർഡ് യുദ്ധസമയത്ത് ആദ്യമായാണ് ഇത്തവണ ഗസ്സയിൽ എത്തിയത്. പരിചയസമ്പന്നനായ ഒരു സർജൻ എന്ന നിലയിൽ, അടിവയറ്റിലും നെഞ്ചിലും ഉണ്ടായ ഗുരുതരമായ പരിക്കുകളാണ് അദ്ദേഹം പ്രധാനമായും കൈകാര്യം ചെയ്തത്. “സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു കാര്യങ്ങൾ. ഭൂമിയിൽ ഇതിനുമുമ്പ ് അങ്ങനെയുള്ള അവസ്ഥകൾ കണ്ടിട്ടില്ല. ഒന്നിനോടും താരതമ്യപ്പെടുത്താൻ കഴിയാത്തത്ര ഭീകരം’ -മേനാർഡ് പറഞ്ഞു.
യുകെ ചാരിറ്റി മെഡിക്കൽ എയ്ഡ് ഫോർ ഫലസ്തീനിയൻ (എം.എ.പി) എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് അദ്ദേഹം ഗസ്സയിലെത്തിയത്. അൽ അഖ്സ ആശുപത്രിയിൽ സേവന നിരതനായിരിക്കെ ആശുപത്രി ഒഴിയാൻ ഐഡിഎഫ് തിട്ടൂരമിറക്കി. 600 രോഗികളോടൊപ്പം ബഹുഭൂരിപക്ഷം മെഡിക്കൽ സ്റ്റാഫുകളും പുറത്താക്കപ്പെട്ടു. അവസാന ദിവസം ജോലിചെയ്തുകൊണ്ടിരിക്കേ തീവ്രപരിചരണ വിഭാഗത്തിന്റെ ഭിത്തി തുളച്ച് മിസൈൽ പതിച്ചു. സമീപത്തെ ദേർ അൽ ബലാഹിൽ ഇസ്രായേൽ പട്ടാളക്കാർ ആളുകളെ വെടിവെച്ച് കൊല്ലുന്നുണ്ടായിരുന്നു. വെടിയേറ്റ മുറിവുകളുമായി നിരവധി പേർ ആശുപത്രിയിെലത്തിയതായും അദ്ദേഹം പറഞ്ഞു. റിമോട്ട് നിയന്ത്രിത ഡ്രോണുകൾ -ക്വാഡ്‌കോപ്റ്ററുകൾ- ഇടതടവില്ലാതെ ആശുപത്രി ഗ്രൗണ്ടിൽ ചുറ്റിക്കറങ്ങി വെടിയുതിർത്തു.
ഹമാസ് പ്രവർത്തന കേന്ദ്രം എന്നാരോപിച്ച് കഴിഞ്ഞ മൂന്നുദിവസമായി ഇസ്രായേൽ സേന കുരുതി നടത്തുന്ന അൽശിഫയിൽ മേനാർഡ് സേവനം അനുഷ്ടിച്ചിരുന്നു. വർഷങ്ങളായി നിരവധി തവണ ജോലി ചെയ്ത ഇവിടെ ഹമാസ് ഉപയോഗിക്കുന്നുെവന്ന ആരോപണം പൊള്ളയാണെന്നും ഒരു തെളിവും ഇതുവരെ താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ ആരോഗ്യ സംരക്ഷണ സംവിധാനം പൂർണ്ണമായും പ്രവർത്തനരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രികളെ ഇസ്രായേൽ ആക്രമിക്കുന്നതെന്ന് അദ്ദേഹം അടിവരയിട്ടുപറയുന്നു. പുറത്തുവരുന്ന ചിത്രങ്ങളും വിഡിയോകളുമൊന്നും ഗസ്സയിലെ ആശുപത്രികളിലെ ഭീകരത വ്യക്തമാക്കുന്നതെല്ലന്നും പ്രഫ. മേനാർഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.