യൂറോപ്യൻ യൂണിയൻ നേതാക്കൾ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയോടൊപ്പം
കിയവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ മൂന്നാം വാർഷികത്തിൽ യുക്രെയ്ന് ഐക്യദാർഢ്യവുമായി യൂറോപ്യൻ, കനേഡിയൻ നേതാക്കൾ. യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുൾപ്പെടെ 15ഓളം നേതാക്കളാണ് ‘യുക്രെയ്ന് പിന്തുണ’ എന്ന പേരിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ പങ്കെടുക്കാൻ യുക്രെയ്നിൽ എത്തിയത്. കിയവ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നേതാക്കളെ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആന്ദ്രി സിബിഹ, പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആന്ദ്രി യെർമാക് എന്നിവർ ചേർന്ന് സ്വീകരിച്ചു.
യുക്രെയ്ൻ യൂറോപ്പിലായതിനാൽ യൂറോപ് യുക്രെയ്നിൽ എത്തിയെന്ന് ഉർസുല എക്സിൽ കുറിച്ചു. അതിജീവനത്തിനായുള്ള പോരാട്ടത്തിൽ, യുക്രെയ്നിന്റെ ഭാവി മാത്രമല്ല, യൂറോപ്പിന്റെ ഭാവി കൂടിയാണ് തീരുമാനിക്കപ്പെടുന്നതെന്നും അവർ പറഞ്ഞു.
2022 ഫെബ്രുവരി 24നാണ് യുക്രെയ്നുനേരെ റഷ്യ യുദ്ധം ആരംഭിച്ചത്. എളുപ്പത്തിൽ വിജയം നേടാമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രതീക്ഷകൾ തകർത്താണ് യുദ്ധം മൂന്നാം വർഷത്തിലേക്ക് നീണ്ടത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ ഏകാധിപതി എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് യൂറോപ്യൻ നേതാക്കളുടെ സന്ദർശനം. യുക്രെയ്ൻ യുദ്ധ പരിഹാരത്തിന് കഴിഞ്ഞയാഴ്ച സൗദി അറേബ്യയിൽ നടന്ന യു.എസ്-റഷ്യ ചർച്ചയിൽ യുക്രെയ്നെ പങ്കെടുപ്പിച്ചിരുന്നുമില്ല. അമേരിക്ക യുക്രെയ്നെയും യൂറോപ്യൻ യൂനിയനെയും കൈവിടുന്നു എന്ന തോന്നൽ ശക്തമാകുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഡെൻമാർക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോർ എന്നിവരും യുക്രെയ്നിൽ എത്തിയിരുന്നു. സ്വീഡൻ, ഫിൻലൻഡ്, ലിത്വേനിയ, ലാത്വിയ, എസ്തോണിയ എന്നിവിടങ്ങളിൽനിന്നുള്ള നേതാക്കളും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.