തെഹ്റാന്‍: അമേരിക്കയുമായി നയതന്ത്രക്കരാറിലെത്തിയാലും ഇറാനെ ആണവായുധം നിർമിക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. തന്ത്രപ്രധാനമായ ഹുർമുസ് കലിടുക്ക് അടച്ചതിനെതുടർന്ന് ആഗോള എണ്ണ കയറ്റുമതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മാസങ്ങളോളമായി തുടരുന്ന സംഘർഷാവസ്ഥ പരിഹരിക്കാന്‍ ഇറാനും യു.എസും മധ‍്യസ്ഥ രാജ്യങ്ങളും ശ്രമിക്കുന്നതിനിടയിലാണ് നെതന്യാഹുവിന്‍റെ പുതിയ പരാമർശം. ഇറാന്‍ ആണവായുധം നിർമിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുമ്പും നെതന്യാഹു ആരോപിച്ചിരുന്നു. അതേ സമയം ഇറാനും ഒമാനും തമ്മിൽ നടന്ന നയതന്ത്ര ചർച്ചകളിൽ പുരോഗതിയുണ്ടായതായി യു.എസ് ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ച അറിയിച്ചു. ഇത് ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും എണ്ണ ഗതാഗതം പുനഃസ്ഥാപിക്കാനും വഴിവെക്കുമെന്നാണ് പ്രത്യാശ.
എന്നാൽ ഇറാനും അമേരിക്കയും നേരിട്ട് ചർച്ചകൾ നടത്തുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ജൂണിൽ ഒപ്പുവെച്ച ഇടക്കാലവ്യാപാരകരാർ വാഷിങ്ടൺ ലംഘിക്കുന്നിടത്തോളം അമേരിക്കയുമായി നേരിട്ട് ചർച്ചയില്ലെന്ന് തന്നെയാണ് ഇറാന്‍റെ നിലപാട്. ഹുർമുസ് കടലിടുക്കനെ സംബന്ധിച്ച കരാർ ചർച്ചകൾ അവസാനഘട്ടത്തിലാണങ്കിലും ജലപാത തുറക്കുന്ന കാര്യത്തിൽ പ്രത്യാശ വേണ്ടെന്നും അബ്ബാസ് അരാഗ്ചി അറിയിച്ചു. തെഹ്റാന്‍ മുന്നോട്ടുവെച്ച പുതിയ വ്യവസ്ഥകൾ യു.എസ് പാലിക്കുകയാണെങ്കിൽ ഹുർമുസ് തുറക്കുന്നതോടൊപ്പം പുതിയ ജലപാതകൾ ഇറാന്‍ സ്ഥാപിക്കുമെന്നും അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേ സമയം ഡോണൾഡ് ട്രംപിന്‍റെ ഗസ പദ്ധതി നെതന്യാഹു നിരസിച്ചു. ഹമാസിനെ നിരായുധീകരിക്കുന്നതുവരെ ഇസ്രായേൽ സൈന്യം പിന്നോട്ടില്ലെന്നും അറിയിച്ചു. ഇസ്രായേൽ സൈന്യത്തിനെതിരെ വരുന്ന എല്ലാ വെല്ലുവിളികളും തുടച്ചുനീക്കുമെന്നാണ് നെതന്യാഹുവിന്‍റെ വാദം.
അതേ സമയം അധിനിവേശ വെസ്റ്റ് ബാങ്കിലെ കൊഖാവ് യാക്കോവ് കുടിയേറ്റ മേഖലയിൽ 627 പുതിയ ഭവന യൂണിറ്റുകൾ നിർമിക്കുന്നതിനായി ഇസ്രായേൽ അധികൃതർ ടെൻഡർ ക്ഷണിച്ചതായി റിപ്പോർട്ട്. ജറുസലേമിനെയും സമീപത്തെ ഫലസ്തീൻ പ്രദേശങ്ങളെയും തമ്മിൽ കൂടുതൽ വേർതിരിക്കാനുള്ള നീക്കമാണിതെന്ന് ഫലസ്തീൻ കോളനൈസേഷൻ ആൻഡ് വാൾ റെസിസ്റ്റൻസ് കമ്മീഷൻ (സി.ആർ.ആർ.സി) ആരോപിച്ചു.
റമല്ല-അൽ ബിറെ ഗവർണറേറ്റിലെ ഭൂമിയിലാണ് നിർമാണം നടക്കുക. നിർമാണ കമ്പനികൾക്ക് നവംബർ 30 വരെ ടെൻഡർ സമർപ്പിക്കാം. പദ്ധതിക്കായി ഇസ്രായേൽ ലാൻഡ് അതോറിറ്റി വ്യാഴാഴ്ച ടെൻഡർ പ്രസിദ്ധീകരിച്ചതായി സി.ആർ.ആർ.സി അറിയിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് പദ്ധതിക്ക് ഇസ്രായേൽ അധികൃതർ അംഗീകാരം നൽകിയതെന്നും 15 മാസത്തിന് ശേഷം പദ്ധതി ആസൂത്രണ ഘട്ടത്തിൽ നിന്ന് നിർമാണ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും സി.ആർ.ആർ.സി പറഞ്ഞു.
253.7 ദുനം അഥവാ 25.37 ഹെക്ടർ, ഏകദേശം 63 ഏക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ വീടുകൾ കൊഖാവ് യാക്കോവ് കുടിയേറ്റ മേഖലയുടെ നിർമിത പ്രദേശം വികസിപ്പിക്കുകയും സമീപത്തെ മറ്റ് കുടിയേറ്റ മേഖലകളുമായും പ്രവേശന റോഡുകളുമായും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സി.ആർ.ആർ.സി കൂട്ടിച്ചേർത്തു.
വടക്കൻ ജറുസലേമിനും റമല്ല, അൽ ബിറെ നഗരങ്ങൾക്കും ഇടയിലാണ് കൊഖാവ് യാക്കോവ് സ്ഥിതി ചെയ്യുന്നത്. ഇസ്രായേൽ `ബിൻയാമിൻ' എന്ന പേരിൽ നിയന്ത്രിക്കുന്ന കുടിയേറ്റ മേഖലകളുടെ കൂട്ടത്തിലാണ് ഇത് ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.