മെൽബൺ: സിഡ്നിയിലെ ബോണ്ടി ബീച്ചിലെ ആക്രമണത്തിൽ പരിക്കേറ്റ 40 പേരിൽ മൂന്ന് ഇന്ത്യൻ വിദ്യാർഥികളും ഉൾപ്പെടുന്നതായി റിപ്പോർട്ട്. പരിക്കേറ്റ വിദ്യാർഥികളിൽ രണ്ടുപേർ ചികിത്സയിലാണ്. അവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫിലിപ്പീൻസ് സന്ദർശിച്ചപ്പോൾ അവരിൽ ഒരാൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടായിരുന്നു. അങ്ങനെയാണ് ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞത്.
മൂന്നു പതിറ്റാണ്ടിനിടെ ആസ്ട്രേലിയയിലുണ്ടായ ഏറ്റവും വലിയ വെടിവെപ്പാണിതെന്നാണ് അധികൃതർ ആക്രമണത്തെ വിശേഷിപ്പിച്ചത്.
10 വയസുള്ള കുട്ടിയുൾപ്പെടെ 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
കൂട്ട വെടിവെപ്പിലെ പ്രതികളിലൊരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന വിവരം തെലങ്കാന പൊലീസ് പുറത്തുവിട്ടിരുന്നു. 27 വർഷം മുമ്പ് അവിടേക്ക് കുടിയേറിയ ഇയാൾക്ക് ഹൈദരാബാദിലെ കുടുംബവുമായി നാമമാത്ര ബന്ധമേ ഉണ്ടായിരുന്നുള്ളൂവെന്ന് തെലങ്കാന ഡി.ജി.പി ഓഫിസ് അറിയിച്ചു. സാജിദ് അക്രത്തെയും മകൻ നവീദ് അക്രത്തെയും തീവ്രവാദത്തിലേക്ക് നയിച്ച ഘടകങ്ങൾക്ക് ഇന്ത്യയുമായോ തെലങ്കാനയിലെ ഏതെങ്കിലും പ്രാദേശിക സ്വാധീനവുമായോ ബന്ധമില്ല.
സാജിദ് അക്രം ഹൈദരാബാദിൽ ബി.കോം പൂർത്തിയാക്കി 1998 നവംബറിൽ തൊഴിൽ തേടി ആസ്‌ട്രേലിയയിലേക്ക് കുടിയേറിയതായി വാർത്താക്കുറിപ്പിൽ പറയുന്നു. 1998ല്‍ രാജ്യം വിടുന്നതിന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന കാലയളവില്‍ സാജിദ് അക്രമിന് യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്നും തെലങ്കാന പൊലീസ് പറഞ്ഞു.27 വര്‍ഷത്തിനിടെ അയാൾ ഇന്ത്യ സന്ദര്‍ശിച്ചത് ആറ് തവണ മാത്രമാണെന്നും പൊലീസ് വ്യക്തമാക്കി.
സാജിദ് അക്രത്തെ സംഭവസ്ഥലത്തുവെച്ച് ഒരാൾ ധീരമായി കീഴ്പ്പെടുത്തി വധിച്ചിരുന്നു. മകൻ നവീദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.