ജോർഡൻ-സിറിയ അതിർത്തി തുറന്നു; വ്യോമാക്രമണത്തെക്കുറിച്ച് സംയുക്ത അന്വേഷണത്തിന് ധാരണ

അമ്മാൻ: ജോർഡൻ നടത്തിയ മാരകമായ വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ടിരുന്ന സിറിയ-ജോർഡൻ അതിർത്തി വീണ്ടും തുറക്കുന്നു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനുമായി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ സുരക്ഷാ സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു.

ജോർഡനുമായുള്ള ഏക അതിർത്തിയായ നാസിബ് , ബുധനാഴ്ച രാവിലെ മുതൽ സാധാരണ യാത്രാ-ചരക്ക് ഗതാഗതത്തിനായി തുറക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘സന’ റിപ്പോർട്ട് ചെയ്തു.

ജോർഡനിലെ കാരക് ( നഗരത്തിൽ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെ വെടിവെപ്പുണ്ടായതിനെ തുടർന്നാണ് സിറിയയിൽ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച നടന്ന ഈ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തിരുന്നു.

ഇതിന്റെ പ്രതികാരമെന്നോണം, തെക്കൻ സിറിയയിലെ ഐഎസ് ‘താവളങ്ങൾ’ ലക്ഷ്യമിട്ട് തിങ്കളാഴ്ച ജോർഡൻ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു. ദദോയിലും സുവൈദയിലുമായി നടന്ന ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ അടങ്ങുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾ ഉൾപ്പെടെ ഏഴ് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് സിറിയയുടെ എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചു. നാല് സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്

ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിന് ശേഷമാണ് ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ പരിശോധിക്കാൻ സുരക്ഷാ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചത്.

തങ്ങളുടെ വ്യോമാക്രമണം ഫീൽഡ് ഇൻറലിജൻസിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, ജോർഡനുനേരെയുള്ള ഭീഷണികൾ തടയുക മാത്രമായിരുന്നു ലക്ഷ്യമെന്നും ജോർഡൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫദി വ്യക്തമാക്കി. എന്നാൽ, ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ അദ്ദേഹം സിറിയൻ വിദേശകാര്യ മന്ത്രി അസാദ് അൽചശൈബാനിയോട് ഖേദം പ്രകടിപ്പിച്ചു. സിറിയയുടെ പരമാധികാരത്തെയും സ്ഥിരതയെയും മാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ആക്രമണങ്ങൾ സിറിയൻ സർക്കാരുമായി ഏകോപിപ്പിച്ചാണ് നടത്തിയതെന്ന ജോർഡന്റെ അവകാശവാദത്തെ ഡമാസ്കസ് നേരത്തെ നിഷേധിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിനും, ഭീകരവാദ ഭീഷണികളെ നേരിടാൻ ഫീൽഡ് - ഇൻറലിജൻസ് സഹകരണം ശക്തമാക്കുന്നതിനും, നിരപരാധികളായ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ സുരക്ഷാ സമിതി പ്രവർത്തിക്കും. പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് ജോർഡൻ സുരക്ഷാ സേന രണ്ട് സഹോദരന്മാരെയും അവരുടെ അളിയനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Jordan-Syria border reopens, joint probe ordered into airstrike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.