ശൈഖ് ഹസീനയുടെ നിയമസംഘം യു.എന്നിൽ; അവാമി ലീഗിന്റെ വിലക്ക് നീക്കി സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം

ധാക്ക: അവാമി ലീഗിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാനും പാർട്ടിക്ക് മത്സരിക്കാനാകുന്ന വിധത്തിൽ പുതിയ തെരഞ്ഞെടുപ്പ് നടത്താനും ആവശ്യപ്പെട്ട് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നിയമസംഘം യു.എൻ മനുഷ്യാവകാശ വിദഗ്ധരെ സമീപിച്ചു. 2026 ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിലൂടെ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) അധികാരത്തിലെത്തിയെങ്കിലും, അവാമി ലീഗിനെ മത്സരിക്കുന്നതിൽനിന്ന് വിലക്കിയതിനാൽ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായിരുന്നില്ലെന്നാണ് ഹസീനയുടെ ആരോപണം.

യു.എൻ വിദഗ്ധർക്ക് സമർപ്പിച്ച നിവേദനത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടണമെന്നും പുതിയ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ആദ്യം ഏർപ്പെടുത്തിയ അവാമി ലീഗിന്റെ വിലക്ക് പിന്നീട് അധികാരത്തിലെത്തിയ ബി.എൻ.പി സർക്കാർ നിലനിർത്തുകയും ഔദ്യോഗികമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നീക്കം.

യു.കെ ആസ്ഥാനമായ മാട്രിക്സ് ചേംബേഴ്സ് ഒക്ടോബർ 27ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന രാഷ്ട്രീയ പാർട്ടിയെയും അതുമായി ബന്ധപ്പെട്ട സംഘടനകളെയും തെരഞ്ഞെടുപ്പിൽനിന്ന് നിയമപരമായി വിലക്കിനിർത്തിയാൽ ബംഗ്ലാദേശിന് ജനാധിപത്യ ഭരണം ശക്തിപ്പെടുത്താനാകില്ലെന്നാണ് നിവേദനത്തിലെ വാദം. അവാമി ലീഗിന് ഏർപ്പെടുത്തിയ വിലക്ക് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്താവകാശം നിഷേധിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നുവെന്നും ഹസീന ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര പൗര-രാഷ്ട്രീയ അവകാശ ഉടമ്പടിയിലെ (ഐ.സി.സി.പി.ആർ) നാല് വ്യവസ്ഥകൾ വിലക്കിലൂടെ ലംഘിക്കപ്പെടുന്നുവെന്നാണ് നിവേദനത്തിലെ ആരോപണം. അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആർട്ടിക്ക്ൾ 19, സമാധാനപരമായി സമ്മേളിക്കാനുള്ള അവകാശം സംരക്ഷിക്കുന്ന ആർട്ടിക്ക്ൾ 21, സംഘടനകൾ രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആർട്ടിക്ക്ൾ 22, രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പാക്കുന്ന ആർട്ടിക്ക്ൾ 25 എന്നിവയാണ് ചൂണ്ടിക്കാട്ടിയത്.

വിലക്കിന് ന്യായമായ കാരണമില്ലെന്നും അത് ആനുപാതികമല്ലെന്നും നിയമനടപടികളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്ന മതിയായ വ്യവസ്ഥകളില്ലെന്നും ഹസീനയുടെ നിയമസംഘം ആരോപിക്കുന്നു. അവാമി ലീഗ് പ്രവർത്തകർക്കെതിരായ ആക്രമണങ്ങളും നിവേദനത്തിൽ പരാമർശിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അഭിഭാഷകരുമായി ബന്ധപ്പെടാനും ബംഗ്ലാദേശിലെ കോടതികളിൽ വിലക്കിനെതിരെ നിയമനടപടി സ്വീകരിക്കാനും പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടെന്നും ഹസീനയുടെ സംഘം പറയുന്നു.

ബംഗ്ലാദേശിൽ സ്വതന്ത്രവും നീതിപൂർവവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പരസ്യപ്രസ്താവന പുറപ്പെടുവിക്കണമെന്നും നിവേദനത്തിൽ അഭ്യർഥിക്കുന്നു. അവാമി ലീഗിന് മത്സരിക്കാൻ അവസരം നൽകുന്ന പുതിയ തെരഞ്ഞെടുപ്പ് നടത്താൻ ബി.എൻ.പി സർക്കാറിനുമേൽ അന്താരാഷ്ട്ര സമ്മർദം ചെലുത്തുകയാണ് ഹസീനയുടെ നീക്കത്തിന്റെ ലക്ഷ്യം.

2024 ആഗസ്റ്റിൽ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട ഹസീന നിലവിൽ ഇന്ത്യയിലാണുള്ളത്. വധശിക്ഷ ഉൾപ്പെടെയുള്ള നിരവധി ഗൗരവമേറിയ കേസുകൾ നേരിടുന്നതിനിടയിലാണ് ഡിസംബറിൽ അവർ രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 

Tags:    
News Summary - Hasina Moves UN Seeking Fresh Bangladesh Election With Awami League Ahead Of Her December Returnvvvv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.