യു.എൻ വേദിയിൽ ക്യൂബൻ വിദേശകാര്യ മന്ത്രിയും യു.എസ് അംബാസഡറും തമ്മിൽ വാക്കേറ്റം

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ അമേരിക്കൻ അംബാസഡർ മൈക്ക് വാൾട്ട്സും ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസും തമ്മിൽ വാക്കേറ്റം. അസംബ്ലിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന മൈക്ക് വാൾട്സിന് നേരെ ക്യൂബൻ വിദേശകാര്യ മന്ത്രി പോഡിയത്തിലേക്ക് അടുക്കുകയും തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്.

ഐക്യരാഷ്ട്രസഭ വേദിയിൽ സംസാരിക്കവേ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ സ്വന്തം ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട് ഭരണാധികാരികളുടെ കീശ വീർപ്പിക്കുകയാണെന്ന് യു.എസ് അംബാസഡർ മൈക്ക് വാൾട്സ് ആരോപിച്ചിരുന്നു. ഇതിൽ പ്രകോപിതരായി ക്യൂബൻ പ്രതിനിധികൾ പ്രതിഷേധമുയർത്തുകയും വിദേശകാര്യ മന്ത്രി റോഡ്രിഗസ് പോഡിയത്തിലേക്ക് അടുക്കുകയും ചെയ്തതോടെയാണ് വാക്കേറ്റം രൂക്ഷമായത്.

സർക്കാറിനെ വിമർശിച്ച് സംസാരിക്കുന്നതിനിടെ ഇടപെടാൻ ശ്രമിച്ച വിദേശകാര്യ മന്ത്രിയോട് ‘പിന്നോട്ട് മാറൂ’ എന്ന് വാൾട്ട്സ് ആവശ്യപ്പെട്ടു. നിങ്ങൾക്കിത് കേൾക്കാൻ ഇഷ്ടമല്ലെന്ന് അറിയാമെന്നും എന്നാൽ ഇത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യമല്ലെന്നും ഐക്യരാഷ്ട്രസഭയാണെന്നും തന്നോട് ശബ്ദമുയർത്താൻ കഴിയില്ലെന്നും വാൾട്സ് തുറന്നടിച്ചു. താൻ അമേരിക്കയുടെ പ്രതിനിധിയാണെന്നും ഭയപ്പെടുത്താൻ നോക്കേണ്ടെന്നും ഇത് ഹവാനയല്ലെന്നും ചൂണ്ടിക്കാട്ടിയ വാൾട്സ്, ക്യൂബൻ വിദേശകാര്യ മന്ത്രിയോട് പോഡിയത്തിൽ നിന്നും പിന്നോട്ട് മാറാനും ആവശ്യപ്പെട്ടു.

ബ്രൂണോ റോഡ്രിഗസ് പ്രസംഗപീഠത്തിനടുത്തേക്ക് നീങ്ങിയതോടെ അസംബ്ലി അധ്യക്ഷൻ ഇടപെട്ട് ക്രമം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയും, എല്ലാ പ്രതിനിധികൾക്കും പിന്നീട് മറുപടി നൽകാൻ അവസരം ലഭിക്കുമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. ക്യൂബക്കെതിരായ പതിറ്റാണ്ടുകൾ പഴക്കമുള്ള അമേരിക്കൻ ഉപരോധം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടന്ന വാർഷിക ചർച്ചക്കിടെയായിരുന്നു സംഭവം. ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ അംഗരാജ്യങ്ങൾ പിന്തുണക്കരുതെന്ന് വാൾട്ട്സ് ആവശ്യപ്പെട്ടു. ക്യൂബയിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് വാഷിങ്ടണിനെ കുറ്റപ്പെടുത്തുന്ന സർക്കാർ അഴിമതിയും അടിച്ചമർത്തലും മൂലമുള്ള പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പിന്നീട് സംസാരിക്കാൻ അവസരം ലഭിച്ച റോഡ്രിഗസ്, വാൾട്ട്സ് വീണ്ടും കള്ളം പറയുകയാണെന്ന് ആരോപിച്ചു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഈ വേദിയുടെയും അംഗരാജ്യങ്ങളുടെയും അന്തസ്സിന് നിരക്കാത്തതാണെന്നും ക്യൂബൻ സർക്കാറിനെയും ജനങ്ങളെയും അപമാനിക്കുന്നതാണെന്നും റോഡ്രിഗസ് പറഞ്ഞു.

തുടർന്ന് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലും വാൾട്ട്സ് ക്യൂബൻ കമ്യൂണിസ്റ്റ് നേതാക്കളെ വിമർശിച്ചു. അവരുടെ ആഡംബര റിയൽ എസ്റ്റേറ്റ് സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത് അവർ ആഗ്രഹിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ താൻ കൊണ്ടുവന്നിട്ടുണ്ടെന്നും വാൾട്ട്സ് അവകാശപ്പെട്ടു.

Tags:    
News Summary - Shouting match erupts at UN as Cuban foreign minister moves toward US ambassador's podium: 'Back up!'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.