ഗസ്സയിൽ വെടിനിർത്തലിന് ശേഷവും ഇസ്രായേൽ വംശഹത്യ തുടരുന്നു; സ്ഥിരീകരിച്ച് യു.എൻ

ജറുസലേം:  യു.എസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന് ശേഷവും ഗസ്സയിൽ ഇസ്രായേൽ വംശഹത്യ തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമീഷൻ. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീൻ ജനതക്കുനേരെ കൂട്ടക്കൊല, പീഡനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ എന്നിവയടക്കം അതിക്രൂരമായ യുദ്ധക്കുറ്റങ്ങളും മനുഷ്യത്വവിരുദ്ധ നടപടികളും ഇസ്രായേൽ സൈന്യം ആസൂത്രിതമായി നടത്തുന്നുണ്ടെന്നാണ് യു.എൻ കമീഷൻ ഓഫ് ഇൻക്വയറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

ഇസ്രായേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസമാണ് യു.എൻ കമീഷൻ ഈ നിർണ്ണായക കണ്ടെത്തലുകൾ പുറത്തിറക്കിയത്.വെടിനിർത്തൽ കരാർ ഒപ്പുവെച്ച സമയത്ത് ഗസ്സയുടെ 51 ശതമാനം ഭൂപ്രദേശമായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ അധിനിവേശ നിയന്ത്രണത്തിലുണ്ടായിരുന്നത്. എന്നാൽ നിലവിൽ 'യെല്ലോ ലൈൻ' എന്ന നിയന്ത്രണ രേഖ ഇസ്രായേൽ ക്രമേണ വിപുലീകരിക്കുകയും ഗസ്സയുടെ 60 ശതമാനത്തോളം ഭാഗം സൈനികമായി കൈയടക്കുകയും ചെയ്തിട്ടുണ്ട്. വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഡ്രോണുകൾ, ക്വാഡ്കോപ്റ്ററുകൾ, ആർട്ടിലറി, സ്നൈപ്പർ ഫയറിങ് എന്നിവ ഉപയോഗിച്ച് ജനവാസ മേഖലകളിൽ ഇസ്രായേൽ സൈന്യം നിരന്തരം ആക്രമണം നടത്തുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

വെസ്റ്റ് ബാങ്കിലെ ഭയാനകമായ വിവരങ്ങളും യു.എൻ കമീഷൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2023 ഒക്ടോബർ 7ന് ശേഷമുള്ള കാലയളവിൽ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 254 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ വ്യോമാക്രമണങ്ങളുടെ തീവ്രതയും ആഘാതവും എത്രത്തോളമാണെന്ന് ഈ കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ തദ്ദേശീയരായ ഫലസ്തീനികളെ ആസൂത്രിതമായി കുടിയൊഴിപ്പിക്കുന്ന നടപടിയും ശക്തമാണ്.

ഫലസ്തീൻ ജനതയെ പൂർണമായും ഇല്ലാതാക്കാനും നാടുകടത്താനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഇസ്രായേലിന്റെ ഈ ആക്രമണങ്ങളെന്ന് കമീഷൻ അധ്യക്ഷൻ ശ്രീനിവാസൻ മുരളീധർ പറഞ്ഞു. അതേസമയം, യു.എൻ അന്വേഷണ കമീഷൻ റിപ്പോർട്ട് പൂർണമായും വ്യാജമാണെന്ന് ആരോപിച്ച് ഇസ്രായേൽ തള്ളിപ്പറഞ്ഞു. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ഒരു "പ്രചാരണ രേഖ" മാത്രമാണ് ഇതെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇസ്രായേലിനെതിരായ യുദ്ധക്കുറ്റം, വംശഹത്യ തുടങ്ങിയ ആരോപണങ്ങൾ രാജ്യം തുടർച്ചയായി നിഷേധിച്ചുവരുകയാണ്. 

Tags:    
News Summary - Israel committing genocide in Gaza despite ceasefire, UN commission of inquiry finds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.