ജെയിംസ് കോമി

ട്രംപിനെ വധിക്കുമെന്ന് ഭീഷണി; മുൻ എഫ്.ബി.ഐ മേധാവി ജെയിംസ് കോമിക്കെതിരെ കേസ്

വാഷിങ്ങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ മുൻ എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമിക്കെതിരെ ട്രംപ് ഭരണംകൂടം കേസെടുത്തു. സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കോമി ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

വിവാദമായ '86 47' ചിത്രം കഴിഞ്ഞ വർഷം നോർത്ത് കരോലിനയിലെ കടൽത്തീരത്ത് നിന്നും കോമി പങ്കുവെച്ചതാണ്‌ കേസിന് ആധാരം. കടൽച്ചിപ്പുകൾ കൊണ്ട് "86 47" എന്ന് എഴുതിയ രൂപമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അമേരിക്കൻ ഭാഷയിൽ '86' എന്നാൽ ഒരാളെ പുറത്താക്കുകയോ അല്ലെങ്കിൽ ഇല്ലാതാക്കുകയോ ചെയ്യുക എന്നാണ് അർത്ഥം. ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായതിനാൽ, '47-ാമനെ ഇല്ലാതാക്കുക' എന്ന ഭീഷണിയാണ് കോമി ഉയർത്തിയതെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നു.

എന്നാൽ സംഭവത്തിൽ താൻ നിരപരാധിയാണെന്നും ആ നമ്പറുകളുടെ അർത്ഥം അറിയില്ലായിരുന്നുവെന്നും കോമി പ്രതികരിച്ചു. 'ഞാൻ ഇപ്പോഴും നിരപരാധിയാണ്, എനിക്ക് ഭയമില്ല. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നു,' -അദ്ദേഹം വ്യക്തമാക്കി. ഇതൊരു രാഷ്ട്രീയ സന്ദേശമാണെന്ന് കരുതിയാണ് ചിത്രം പങ്കുവെച്ചതെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ്.ബി.ഐ ഡയറക്ടർ പദവിയിലിരുന്ന ഒരാൾക്ക് ഇത്തരം പോസ്റ്റുകളുടെ പ്രത്യാഘാതം നന്നായി അറിയാമെന്ന് നിലവിലെ എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. ട്രംപിനെതിരെ കോമി പരസ്യമായി ഭീഷണി മുഴക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഓരോ വകുപ്പിലും പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാം.

എന്നാൽ ഈ കേസ് വളരെ ദുർബലമാണെന്നാണ് നിയമവിദഗ്ധരിൽ പലരും അഭിപ്രായപ്പെടുന്നത്. ഇതൊരു രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിയമവിദഗ്ദ്ധർ നിരീക്ഷിക്കുന്നു. നേരത്തെ കോമിക്കെതിരെ കൊണ്ടുവന്ന മറ്റൊരു കേസ് കോടതി തള്ളിയിരുന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് റഷ്യൻ ഇടപെടലുകളെക്കുറിച്ച് അന്വേഷണം നടത്തിയതിനെത്തുടർന്നാണ് കോമിയെ ട്രംപ് തൽ സ്ഥാനത്തുനിന്ന് നീക്കിയത്. അതിനുശേഷം ഇരുവരും തമ്മിൽ കടുത്ത രാഷ്ട്രീയ ശത്രുത നിലനിൽക്കുന്നുണ്ട്.

അതേസമയം, കോമിയുടെ മകൾ മോറിൻ കോമിയെ ഫെഡറൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെയുള്ള നിയമപോരാട്ടം തുടരാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. തന്റെ അച്ഛനോടുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ പിരിച്ചുവിട്ടതെന്നാണ് മോറിന്റെ വാദം.

Tags:    
News Summary - Threat to assassinate Trump: Case filed against former FBI director James Comey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.