റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ സംസ്കാര ചടങ്ങ് 

‘നവാൽനി, നിങ്ങൾ ഭയപ്പെട്ടില്ല’; അന്ത്യയാത്ര നൽകി അനുയായികൾ

മോസ്കോ: റഷ്യയിൽ ജയിലിൽ മരിച്ച പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിമർശകനുമായ അലക്സി നവാൽനിക്ക് കുടുംബവും അനുയായികളും കണ്ണീരിൽ കുതിർന്ന അന്ത്യയാത്ര നൽകി. അദ്ദേഹത്തിന്റെ മൃതദേഹം വെള്ളിയാഴ്ച പള്ളിയുടെ ഉള്ളിലേക്ക് കൊണ്ടുപോകുമ്പോൾ പുറത്ത് കാത്തുനിന്ന ജനക്കൂട്ടം ആദരവോടെ കരഘോഷം മുഴക്കി.

ജനക്കൂട്ടം ‘‘നവാൽനി, നിങ്ങൾ ഭയപ്പെട്ടില്ല, ഞങ്ങളും ഭയപ്പെട്ടില്ല’ എന്ന് തുടങ്ങിയ മുദ്രാവാക്യം വിളിച്ചു. സംസ്കാരം നടത്താൻ മോസ്കോയിലെ പല പള്ളികളും വിസമ്മതിച്ചതായി അനുയായികൾ പറഞ്ഞു. ഒടുവിൽ ചർച്ച് ഓഫ് ദി ഐക്കൺ ഓഫ് ദ മദർ ഓഫ് ഗോഡ് സോത്ത് മൈ സോറോസിൽ നിന്ന് അനുമതി ലഭിച്ചു. കനത്ത സുരക്ഷ സന്നാഹങ്ങളാണ് ഭരണകൂടം ഒരുക്കിയിരുന്നത്. കൂടുതൽ ആളുകളെ പ്രദേശത്തേക്ക് കടത്തിവിട്ടില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ പരിപാടിക്ക് അനുമതി നിഷേധിച്ചതായും റിപ്പോർട്ടുണ്ട്. റഷ്യയിലെ യു.എസ് അംബാസഡർ ലിൻ ട്രേസി ഉൾപ്പെടെ പാശ്ചാത്യ നയതന്ത്രജ്ഞർ, റഷ്യൻ പ്രസിഡന്റ് സ്ഥാനാർഥികളായ ബോറിസ് നദെഷ്ദിൻ, യെകറ്റെറിന ഡുണ്ട്സോവ തുടങ്ങി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

അനധികൃതമായി ഒത്തുകൂടരുതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അഭ്യർഥിച്ചു. നവാൽനിയുടെ മരണം സ്വാഭാവിക​മല്ലെന്നാണ് കുടുംബവും അനുയായികളും ആരോപിക്കുന്നത്. പാശ്ചാത്യൻ രാജ്യങ്ങളും ആരോപണം ഉന്നയിച്ചു. പുടിൻ വിമർശകരായ നിരവധി പേർ കഴിഞ്ഞ കാലങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഇതിനോട് കൂട്ടിവായിക്കപ്പെട്ടു. ഫെബ്രുവരി 16നാണ് നവാൽനി ജയിലിൽ മരണപ്പെട്ടത്. തലചുറ്റി വീഴുകയും പിന്നീട് മരിക്കുകയുമായിരുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം.

Tags:    
News Summary - Thousands Gather For Alexei Navalny's Funeral Despite Arrest Warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.