17 കാരിയുടെ ആ വിഡിയോ ആണ്​ അമേരിക്കയെ തെരുവിലെത്തിച്ചത്​; ​​മരിച്ചിട്ടും േഫ്ലായ്​ഡിന്​ നീതി നൽകിയത്​...

വാഷിങ്​ടൺ: കടുത്ത വംശവെറിയിൽ മനസ്സുമരിച്ച വെള്ളക്കാരനായ പൊലീസുകാരൻ തെരുവിൽ ഒരു പാവം കറുത്ത വംശജനെ കഴുത്തിൽ കാലമർത്തി അരുംകൊല നടത്തിയത്​ ഇത്രമേൽ വിഷയമാകേണ്ടിയിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞും പ്രതിഷേധ ജ്വാലയായി ആളിപ്പടരേണ്ടിയിരുന്നുമില്ല. പക്ഷേ, ഒരു വിഡിയോ എല്ലാം മാറ്റിമറിക്കുകയായിരുന്നു.

ഡാർണെല്ല ഫ്രേസർ എന്ന 17 കാരി അടുത്ത ബന്ധുവായ ബാലികക്കൊപ്പം സമീപത്തെ സ്​റ്റോറി​േലക്ക്​ പുറപ്പെട്ടതായിരുന്നു. അപ്പോഴാണ്​ പൊലീസുകാർ ഒരു കറുത്ത വംശജനെ വളയുന്നതും പിന്നീട്​ ഡെറക്​​ ചോവിൻ എന്ന പൊലീസുകാരൻ കഴുത്തിൽ കാലമർത്തി അരുംകൊല നടത്തുന്നതും കണ്ണിൽ പതിഞ്ഞത്​. ആ പ്രായത്തിലെ ഒരു പെൺകൊടി ശരിക്കും പേടിച്ചുപോകുമായിരുന്ന കാഴ്ച ഭയവിവശയായി കണ്ടുനിൽക്കാനായിരുന്നില്ല അവളുടെ തീരുമാനം. 

ആദ്യമേ അപകടം മണത്ത ഡാർണെല്ല മൊബൈൽ ഫോണിൽ ദൃശ്യം കൃത്യമായി പകർത്തി. ഒമ്പതു മിനിറ്റും 29 സെക്കൻഡും നേരം കഴുത്തിൽ കാൽമുട്ട്​ അമർത്തിപ്പിടിക്കുന്നതിനിടെ 27 തവണയാണ്​ ​േഫ്ലായ്​ഡ്​ എനിക്ക്​ ശ്വസിക്കാൻ കഴിയുന്നില്ലെന്ന്​ കരഞ്ഞുപറഞ്ഞത്​. ഇടക്കിടെ മാതാവിനെ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ വാക്കുകൾ ഇടറി, ശരീരം വിളറി അയാൾ മരണത്തിനു കീഴടങ്ങി. ഒന്നിനും അയാൾ ചെവി കൊടുത്തതേയില്ല.

ദൃശ്യം പൂർണമായി മൊബൈൽ ഫോൺ പകർത്തിയെന്ന്​ ഉറപ്പാക്കിയ ഡാർണെല്ല വൈകാതെ വിഡിയോ സമൂഹ മാധ്യമം വഴി പ​ങ്കുവെച്ചു.

​േഫ്ലായ്​ഡിന്‍റെ മരണവാർത്തയും ഒപ്പം വിഡിയോയും കാട്ടുതീ പോലെ പടർന്നതോടെ അമേരിക്കയിൽ കറുത്തവർ ഒന്നായി തെരുവിലെത്തി. ലോകം മുഴൂക്കെ ഐക്യദാർഢ്യവുമായി ഒപ്പംനിന്നു. തെരുവുകളിൽ മുഴങ്ങിയ സമരകാഹളങ്ങളെ ജ്വലിപ്പിച്ചുനിർത്തിയത്​ ഇൗ മൊബൈൽ ദൃശ്യങ്ങളായിരുന്നു.

തെളിവെടുപ്പിലും കോടതി വിചാരണയിലും താരമായത്​ ഡാർണെല്ലയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വെള്ളവംശീയവാദികൾ ഇവർക്കെതിരെ ഉറഞ്ഞുതുള്ളിയെങ്കിലും കൂസാതെനിന്ന കൗമാരക്കാരി ഒടുവിൽ വിജയിക്കുന്നതായിരുന്നു ചൊവ്വാഴ്ചത്തെ വിധിപ്രഖ്യാപനം. കുറ്റം തെളിഞ്ഞതോടെ 40 വർഷം വരെ തടവാണ്​ ചോവിനെ കാത്തിരിക്കുന്നത്​.

''ഞാൻ കാണുന്നത്​ ലോകം കൂടി കാണേണ്ടതാണെന്ന്​ തോന്നി. ആരോരുമറിയാതെ ഇത്തരം സംഭവങ്ങൾ പലവട്ടം സംഭവിക്കുന്നു, എന്‍റെ മനസ്സ്​ സ്വാഭാവികമായി പറഞ്ഞു, ഞാൻ വിഡിയോയിൽ പകർത്തി''- എന്നായിരുന്നു ഡാർണെല്ലയുടെ ​അന്നത്തെ പ്രതികരണം. പിന്നാലെ അഭിനന്ദനവുമായി എത്തിയ മിനിയപോളിസ്​ പൊലീസ്​ മേധാവി ഇവൾ ഹീറോയാണെന്നുകൂടി പ്രശംസയായി പറഞ്ഞിരുന്നു. ധീരത പുരസ്​കാരം ഉൾപെടെ അവളെ തേടി ആദരങ്ങളും പലത്​ എത്തി.

ഇന്നിപ്പോൾ വിധി വന്നതോടെ 'ഞാനേറെ കരഞ്ഞെന്നായിരുന്നു' ഡാർണെല്ലയുടെ പ്രതികരണം- നീതി നടപ്പായതിലെ സന്തോഷമാണ്​ അവളെ കരയിച്ചത്​.

News Summary - The teen who filmed Floyd’s killing changed America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.