പ്രതീകാത്മക ചിത്രം

ക്ലിയോപാട്രയുടെ നിഗൂഢമായ ശവകുടീരം കണ്ടെത്തുമോ?

നൂറ്റാണ്ടുകളോളം പഴക്കമുണ്ട് ക്ലിയോപാട്രയുടെ ശവകുടീരം തേടിയുളള അന്വേഷണങ്ങൾക്ക്. എന്നാലിപ്പോൾ, അപ്രതീക്ഷിതമായ ഒരു കണ്ടെത്തൽ ആ ചരിത്രത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചേക്കാവുന്ന പുതിയ സൂചനകൾ നൽകുന്നു.

ക്ലിയോപാട്രയുടെ ശവകുടീരത്തെ കുറിച്ചുളള സുപ്രധാനമായ വിവരങ്ങൾ കണ്ടെത്തിയതായി ഈജിപ്ഷ്യൻ ടൂറിസവും പുരാവസ്തു മന്ത്രാലയവും സംയുക്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ‘നാഷനൽ ജിയോഗ്രഫിയി’ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം സംബന്ധിച്ചുളള വിവരങ്ങൾ.ഡൊമിനിക്കൻ പുരാവസ്തു ഗവേഷകനായ ഡോ.കാത്‍ലിൻ മാർട്ടിനസും സമുദ്രശാസ്ത്രജ്ഞനായ ഡോ. റോബർട്ട് ബെല്ലാർഡും സംഘവുമാണ് ഈ കണ്ടെത്തലിന് നേതൃത്വം നൽകിയത്.

ക്ലിയോപാട്രയും വെളിപ്പെടാത്ത ശവകുടീരവും

ബി.സി 69 ൽ അലാക്സാൻഡ്രിയയിലാണ്  ക്ലിയോപാട്രയുടെ ജനനം. ഈജ്പ്തിലെ ടോളമിക് രാജവംശത്തിലെ അവസാന ഭരണാധിപയായിരുന്ന അവർ. ജീവിതവും മരണവും നിരവധി അഭ്യൂഹങ്ങൾക്ക് വിഷയമായ ഒരു വനിത. ജൂലിയസ് സീസറുമായിട്ടും മാർക്ക് ആന്‍റെണിയുമായിട്ടും അവരുടെ ബന്ധങ്ങളും രാഷ്ട്രിയ- സൈനിക സഖ്യങ്ങളും വലിയ തോതിൽ ചർച്ചവിഷയമായിരുന്നു.

ബി.സി 30 ൽ റോമൻ ജനറൽ ഒക്ടോവിയൻ എന്നറിയപ്പെട്ടിരുന്ന അഗസ്റ്റസ് ചക്രവർത്തിയുമായി നടന്ന യുദ്ധത്തിൽ സൈന്യം പരാജയപ്പെട്ടതോടെ ക്ലിയോപാട്ര ആത്മഹത്യ ചെയ്തു. പാമ്പിൻവിഷം കുത്തിവെച്ച് സ്വയം മരണംവരിച്ചുവെന്നാണ് ഇതിഹാസരചനകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും മരണത്തിന് ശേഷവും ക്ലിയോപാട്രയും അവരുടെ ശവകുടീരവും ഇന്നും നിഗൂഢതയായി തുടരുന്നു.

ക്ലിയോപാട്രയുടെ മരണശേഷം റോമക്കാർ അവരുടെ പ്രതിമകളടക്കം സകലവസ്തുക്കളും നശിപ്പിച്ചു. ആരും കണ്ടെത്താൻ ഇടവരാത്ത വിധം ശവകുടീരം ഒളിപ്പിക്കുകയും ചെയ്തു. അതിനായുള്ള അന്വേഷണങ്ങൾ വർധിച്ചുവന്നു. എന്നാൽ, വ്യക്തമായ സൂചനകൾ കണ്ടെത്തുന്നത് ഗവേഷകർക്ക് വലിയ വെല്ലുവിളിയായി.

മുങ്ങിയ തുറമുഖം കണ്ടെത്തൽ

മെഡിറ്റേറിയൻ തീരത്ത് മുങ്ങിപ്പോയ  തുറമുഖത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയപ്പോൾ

ശവകുടീരത്തിനായുളള അന്വേഷണങ്ങൾ ആർക്കിയോളജിസ്റ്റും നാഷനൽ ജിയോഗ്രഫിക്ക് എക്സപോളറുമായ ഡോ. കാത്ലിൻ മാർട്ടിനസിന്‍റെ ഗവേഷണ സംഘത്തെ ഈജിപ്തിലെ മെഡിറ്റോറിയൻ കടൽത്തീരത്തിനടുത്തുളള തുറമുഖത്തിനടുത്തെക്കാണ് എത്തിച്ചത്. 2022ലാണ് അലക്സാൻഡ്രിയൻ തുറമുഖത്തിന്‍റെ പുരാവസ്തു സൈറ്റുകളിൽ ഒന്നായ ടാപോസിരിസ് മാഗ്നയിൽ കാത്‍ലിൻ മാർട്ടിനസിന്‍റെ ഗവേഷണസംഘം ഒരു ഭൂഗർഭ തുരങ്കം കണ്ടെത്തുന്നത്.

അതിന് ചരിത്രവും മതപരവുമായ പ്രാധാന്യം മാത്രമേ ഉളളുവെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. ഒരു പക്ഷെ, നിഗൂഢമായ ആ ഇടം ഇവിടെ കണ്ടെത്താൻ കഴിഞ്ഞേക്കാമെന്നാണ് സൂചനകൾ.ഒരു സഹസ്രബ്ദത്തിലെറെയായി മെഡിറ്റേറിയൻ കടലിൽ താഴ്ന്നുപോയ നിലയിൽ കാണപ്പെട്ട തുറമുഖത്തിന്‍റെ അവശേഷിപ്പുകളാണ് ഗവേഷണത്തിൽ തെളിഞ്ഞത്.

ആംഫോറകൾ, നങ്കൂരങ്ങൾ, സ്മാരകങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി പുരാവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.ഇവയെല്ലാം സൂചിപ്പിക്കുന്നത് ഒരു കാലത്ത് അഭിവൃദ്ധി പ്രാപിച്ച തുറമുഖത്തെയാണ്. ‘ഞങ്ങൾ തുരങ്കം കണ്ടെത്തി. പക്ഷെ അതിനെകുറിച്ച് ആഴത്തിൽ അറിയാനും മാപ്പിങ് അറിയാനും ഒരു സമുദ്രശാസ്ത്രഞന്‍റെ ആവശ്യം ഉണ്ടായിരുന്നു. അഞ്ചു വർഷം എടുക്കുമായിരുന്ന നിഗമനങ്ങൾ അങ്ങനെ ഒരു മാസത്തിനകം കണ്ടെത്തി'മാർട്ടിനസ് പറയുന്നു.

ഒരു കാലത്ത് ഗതാഗതത്തിനായും ചരക്കുകൾ കൈകര്യം ചെയ്യുന്നതിനുമായി ഉപയോഗിച്ചിരുന്ന തുറമുഖമായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്. ക്ലിയോപാട്രയുടെ മരണത്തിനു ശേഷം റോമക്കാർ മൃതദേഹം ടപോസിരീസ് മാഗ്നയിലെക്ക് കൊണ്ടുവരികയും അടക്കം ചെയ്യുകയും ചെയ്തു. ഇത് പുറം ലോകത്തു നിന്നും മറച്ചുവെക്കുകയും ചെയ്തതായാണ് ഇവരുടെ പഠനം പറയുന്നത്.

ടപോസിരീസ് മാഗ്നയിൽ നിന്നും കണ്ടെത്തിയ പുരാവസ്തുക്കൾ ക്ലിയോപാട്രയുടെ കാലവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അവരുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങളും രാജ്ഞിയുടെ എട്ടാമത്തെ പ്രതിമയും അതിൽ ഉൾപ്പെടുന്നു. ക്ലിയോപാട്രക്ക് ഈ സ്ഥലവുമായി കാര്യമായ ബന്ധം ഉണ്ടെന്ന് തന്നെയാണ് ഈ കണ്ടെത്തൽ അർഥമാക്കുന്നത്.

അവരുടെ ശവക്കുടീരം സമീപത്ത് തന്നെ ഉണ്ടെന്നാണ് ഇവ സൂചിപ്പിക്കുന്നത്. ഭൗതികാവശിഷ്ടങ്ങൾ സുരക്ഷിതമായി എത്തിക്കാൻ ഈ തുറമുഖം ഉപയോഗിച്ചിരുന്നിരിക്കാമെന്നും കരുതുന്നു.

Tags:    
News Summary - Will Cleopatras mysterious tomb be found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.