നീൽ കട്യാൽ
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള തീരുവ യുദ്ധത്തിന് യു.എസ് സുപ്രീംകോടതിയിൽനിന്ന് പ്രഹരമേൽപിച്ചതിന് പിന്നിൽ ഇന്ത്യൻ വംശജനായ അഭിഭാഷകൻ. ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കുവേണ്ടി കോടതിയിൽ ഹാജരായ നീൽ കട്യാലിന്റെ ശക്തമായ വാദമുഖങ്ങളാണ്, ആഗോളതലത്തിൽ ചുമത്തപ്പെട്ട തീരുവകളുടെ നിയമവിരുദ്ധത അമേരിക്കൻ പരമോന്നത കോടതിക്ക് ബോധ്യപ്പെടുത്തി കൊടുത്തത്. വെള്ളിയാഴ്ച വിധി വന്നയുടൻ ‘വിജയം’ എന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അദ്ദേഹം മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് ആക്ടിങ് സോളിസിറ്റർ ജനറൽ ആയിരുന്നു.
അമേരിക്കൻ സിസ്റ്റത്തിൽ സംഭവിച്ച മഹത്തായ കാര്യങ്ങളിൽ ഒന്നാണ് ഈ വിധിയെന്നും, കുടിയേറ്റക്കാരുടെ മകനായ തനിക്ക് കോടതിയിൽ ഹാജരാകാൻ കഴിഞ്ഞെന്നും, ഈ പ്രസിഡന്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു. ഒരാൾ ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തി ആയിരിക്കാം, പക്ഷേ, ഭരണഘടന ലംഘിക്കാൻ പാടില്ല. കോടതിയിൽ കഠിനമായ ചോദ്യങ്ങൾ നേരിടേണ്ടി വന്നെന്നും, തീക്ഷ്ണമായ വാദപ്രതിവാദത്തിന് ശേഷമാണ് വിജയം കൈവരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
1970 ൽ ഷികാഗോയിൽ ജനിച്ച കട്യാലിന്റെ മാതാപിതാക്കൾ ഇന്ത്യയിൽനിന്ന് കുടിയേറിയവരാണ്. മാതാവ് ഡോക്ടറും പിതാവ് എൻജിനീയറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.