ഇസ്രായേൽ-ഹമാസ് സമാധാന കരാർ നടപ്പായത് താൻ തെരഞ്ഞെടുക്കപ്പെട്ടതിനാൽ -ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: താൻ യു.എസ്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രായേൽ-ഹമാസ് സമാധാന കരാർ നടപ്പായതെന്ന് ഡോണൾഡ് ട്രംപ്. പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് വാഷിങ്ടണിൽ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' വിജയ റാലിയിൽ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഐതിഹാസിക വെടിനിർത്തൽ കരാറിലെത്തി. നവംബറിലെ നമ്മുടെ ചരിത്ര വിജയത്തിന്‍റെ ഫലമായാണ് ഈ കരാർ ഉണ്ടായത്. ആദ്യ ബന്ദികളെ വിട്ടയച്ചു. സമാധാന കരാർ ഉണ്ടാക്കിയത് നന്നായെന്ന് ബൈഡൻ പറഞ്ഞു. താൻ പ്രസിഡന്‍റായിരുന്നെങ്കിൽ ഗസ്സ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

ജോ ബൈഡൻ സർക്കാറിന്‍റെ നിരുത്തരവാദപരമായ നിയമങ്ങൾ പിൻവലിക്കും. വെള്ളിയാഴ്ച ലോസ് ആഞ്ചലസിലെ കാട്ടുതീ പടർന്ന പ്രദേശങ്ങൾ സന്ദർശിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് ആരും പ്രതീക്ഷിക്കാത്ത ഫലങ്ങളാണ് ജനങ്ങൾ കാണുന്നത്. എല്ലാവരും അതിനെ 'ട്രംപ് ഇഫക്റ്റ്' എന്ന് വിളിക്കുന്നു. അത് ജനങ്ങളുടെ പ്രഭാവമാണെന്നും ട്രംപ് റാലിയിൽ ചൂണ്ടിക്കാട്ടി.

നമ്മുടെ സ്കൂളുകളിൽ ദേശസ്നേഹം പുനഃസ്ഥാപിക്കാൻ പോകുകയാണ്. എല്ലാം ഇടതുപക്ഷം നേടി. നമ്മുടെ സൈന്യത്തിന്‍റെയും സർക്കാറിന്‍റെയും പ്രത്യയശാസ്ത്രങ്ങൾ ഉയർത്തി പിടിക്കും. നമ്മൾ നമ്മുടെ നാടിനെ എന്നത്തേക്കാളും മഹത്തരമാക്കാൻ പോകുന്നു.

നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കാൻ പോകുന്നു. നീണ്ട നാലു വർഷത്തെ രാജ്യത്തിന്‍റെ പതനത്തിന് തിരശ്ശീല വീഴുകയാണ്. അമേരിക്കയുടെ ശക്തിയുടെയും സമൃദ്ധിയുടെയും അന്തസിന്‍റെയും അഭിമാനത്തിന്‍റെയും ഒരു പുതിയ ദിനം ആരംഭിക്കുകയാണെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

Tags:    
News Summary - The Israel-Hamas peace deal happened because he was elected -Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.