ലണ്ടൻ: ലോകത്തെ മുൾമുനയിലാക്കി ഗസ്സയിൽ വീണ്ടും മരണം പെയ്യുന്ന ഇസ്രായേൽ ക്രൂരതക്കെതിരെ കടുത്ത പ്രതികരണവുമായി ലോകം. മുന്നൂറിലേറെ കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും അറുകൊല നടത്തിയ കാടത്തം നിറഞ്ഞ ആക്രമണങ്ങളെ അപലപിക്കുകയാണെന്ന് മാൾട്ട പ്രധാനമന്ത്രി റോബർട്ട് ആബേല പറഞ്ഞു.
വെടിനിർത്തൽ രണ്ടാം ഘട്ടം നടപ്പാക്കണമെന്നും സമാധാനത്തിനും പുനർനിർമാണത്തിനും വഴി തുറക്കണമെന്നും ബെൽജിയം വിദേശകാര്യ മന്ത്രി മാക്സിം പ്രവട്ട് ആവശ്യപ്പെട്ടു.
ഗസ്സയിൽ സിവിലിയൻ കേന്ദ്രങ്ങളിലടക്കം ആക്രമണം പുനരാരംഭിച്ചത് അന്താരാഷ്ട്ര നിയമത്തിന്റെ നിർലജ്ജമായ ലംഘനമാണെന്നും അടിയന്തരമായി അവസാനിപ്പിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഗസ്സയിലെ ഇസ്രായേൽ ആക്രമണം ഞെട്ടിച്ചെന്നും ദുരന്തത്തിനുമേൽ ദുരന്തമാകുന്നതാണ് ഈ ആക്രമണമെന്നും യു.എൻ മനുഷ്യാവകാശ തലവൻ വോൾക്കർ ടർക്ക് പ്രതികരിച്ചു.
ഗസ്സയിൽ സ്ഥിതിഗതികളിൽ കടുത്ത ആശങ്കയുണ്ടെന്ന് ചൈനയും റഷ്യയും പറഞ്ഞു. ഇസ്രായേൽ നടത്തിയത് വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സ്ഥിരതക്ക് ഭീഷണിയാണെന്നും പ്രധാന മധ്യസ്ഥരായ ഈജിപ്ത് മുന്നറിയിപ്പ് നൽകി.
അധിനിവിഷ്ട ഫലസ്തീൻ പ്രവിശ്യകളിൽ നിർത്താതെ തുടരുന്ന വംശഹത്യയിൽ അമേരിക്ക നേരിട്ട് ഉത്തരവാദികളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും ഈ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് അയൽ രാജ്യമായ ജോർഡനും പറഞ്ഞു. ഫലസ്തീനികൾക്കെതിരായ വംശഹത്യയുടെ പുതിയ ഘട്ടമാണ് ഈ ആക്രമണമെന്നും പശ്ചിമേഷ്യയുടെ ഭാവിക്ക് ഭീഷണിയാണിതെന്നും തുർക്കി വാർത്തക്കുറിപ്പിൽ പ്രതികരിച്ചു.
സിവിലിയന്മാരുടെ സംരക്ഷയാണ് പ്രധാനമെന്നും ബന്ദിമോചനവും തടസ്സങ്ങളില്ലാത്ത സഹായ വിതരണവും നടപ്പാക്കണമെന്നും സ്വിറ്റ്സർലൻഡ് വിദേശകാര്യ മന്ത്രാലയവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.