ദോഹ: ഗസ്സയിലെ വെടിയൊച്ചകളും ബോംബുവർഷവും അവസാനിക്കാൻ ആഗ്രഹിച്ച ലോകം മുൾമുനയോടെ കാത്തിരുന്ന ഒടുവിലത്തെ മൂന്നു ദിനങ്ങൾ. ഇസ്രായേലിന്റെ ആക്രമണത്തിനൊപ്പം തുടങ്ങിയ മധ്യസ്ഥ ദൗത്യങ്ങൾ 15 മാസം പിന്നിട്ടപ്പോൾ ഏറ്റവും പ്രതീക്ഷ നൽകിയ ദിവസങ്ങളായിരുന്നു ജനുവരി 13 തിങ്കളാഴ്ച മുതലുള്ള നാളുകൾ. മധ്യസ്ഥ രാജ്യങ്ങൾ തയാറാക്കിയ കരാർ രേഖ ഇസ്രായേലിനും ഹമാസിനും കൈമാറിയെന്ന വാർത്ത ഏജൻസി റിപ്പോർട്ടുകൾക്കു പിന്നാലെ അറബ് ലോകത്തെ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും ട്രെൻഡിങ്ങായതും ‘ഗസ്സ വെടിനിർത്തൽ’ എന്ന ഹാഷ് ടാഗായിരുന്നു.
ഖത്തർ, അമേരിക്ക, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥയിൽ യാഥാർഥ്യമായ വെടിനിർത്തൽ കരാറിനെ ലോകരാജ്യങ്ങളും സ്വാഗതം ചെയ്തു. സൗദി അറേബ്യ, യു.എ.ഇ, ഇറാഖ്, ലിബിയ, യമൻ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ ഉൾപ്പെടെ രാജ്യങ്ങൾ സമാധാന ശ്രമത്തിന് പിന്തുണയുമായെത്തി. ആക്രമണവും കൂട്ടക്കൊലയും അവസാനിപ്പിക്കാനും ഫലസ്തീന് പുതിയ തുടക്കത്തിനും വെടിനിർത്തൽ പ്രഖ്യാപനം വഴിയൊരുക്കട്ടെയെന്നായിരുന്നു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രതികരണം. യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും പ്രഖ്യാപനം സ്വാഗതം ചെയ്തു. ജോർഡന്റെ അബ്ദുല്ല രണ്ടാമൻ രാജാവ്, ലെബനാൻ ഇടക്കാല പ്രധാനമന്ത്രി നജിബ് മികാതി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സിസി എന്നിവരും സ്വാഗതം ചെയ്തു.
ദീർഘകാലത്തെ വെടിനിർത്തൽ ശ്രമങ്ങൾ വിജയത്തിലെത്തിയതോടെ ഗസ്സയിലെ മനുഷ്യരെ ജീവിത്തിലേക്ക് തിരികെയെത്തിക്കുന്ന ചർച്ചകളിലാണ് അറബ് ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.