ഗസ്സയിലെ നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജറുസലേമിലെ സഭാ തലവൻമാർ

തെൽ അവീവ്: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജറുസലേമിലെ സഭാ തലവന്മാർ. പാത്രിയാർക്കീസ് ​​തിയോഫിലോസ് മൂന്നാമനും അർമേനിയൻ, ഫ്രാൻസിസ്കൻ, ലാറ്റിൻ, ആംഗ്ലിക്കൻ സഭകളുടെ നേതാക്കളും അമേരിക്കൻ സെനറ്റർമാരായ ക്രിസ് വാൻ ഹോളൻ, ജെഫ് മെർക്ക്ലി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഗസ്സയിലെ ചർച്ചുകൾക്കും അഹ്‌ലി അറബ് ആശുപത്രിക്കും നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയാർക്കേറ്റിൽ നടന്ന ചർച്ചയിൽ ആവശ്യമുയർന്നു. മനഃപൂർവ്വം പട്ടിണിക്കിടുന്ന ഗസ്സയിലെ കുട്ടികൾ ഭക്ഷണത്തിനായി നിലവിളിക്കുകയാണെന്നും നിരപരാധികൾ നിരന്തരം കഷ്ടപ്പെടുകയാണെന്നും സെനറ്റർമാരെ അറിയിച്ചു.

കൂടാതെ, ഇസ്രായേലി സഭകളുടെ പുരാതന പൈതൃകത്തിനുള്ള ഭീഷണി, തായ്‌ബെയിലും വെസ്റ്റ് ബാങ്കിലുടനീളമുള്ള ക്രിസ്ത്യൻ കുടുംബങ്ങൾ നേരിടുന്ന അപകടങ്ങൾ എന്നിവ സഭാ നേതാക്കൾ സെനറ്റർമാർക്ക് മുന്നിൽ അവതരിപ്പിച്ചു.

വിഷയങ്ങൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനും എംബസിക്കും മുന്നിൽ അവതരിപ്പിക്കുമെന്ന് ഉറപ്പ് നൽകിയാണ് സെനറ്റർമാർ മടങ്ങിയതെന്ന് ഓർത്തഡോക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഗസ്സയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളടക്കം കുറഞ്ഞത് 41 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ ആരംഭിച്ച ക്രൂരമായ സൈനിക നടപടിയെ വിമർശിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടക്കം ലോക നേതാക്കൾ രംഗത്തുവന്നു. ഇത് യുദ്ധത്തിലെ പുതിയതും അപകടകരവുമായ ഒരു ഘട്ടത്തിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - The Churches of Jerusalem call for urgent action to end Gaza’s suffering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.