ധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ അതിക്രമങ്ങളുടെ രേഖകൾ സൂക്ഷിച്ചുവെക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിന്റെ മുഖ്യ ഉപദേശകനായ മുഹമ്മദ് യൂനിസ്. കൃത്യമായ രേഖകളില്ലെങ്കിൽ സത്യം പുറംലോകമറിയാതെ പോകുകയും നീതി ഉറപ്പാക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.
യു.എൻ റസിഡന്റ് കോഓഡിനേറ്റർ ജിവെൻ ലൂവിസ്, യു.എൻ മനുഷ്യാവകാശ വിദഗ്ധ ഹുമ ഖാൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യൂനിസ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന ജനകീയ പ്രക്ഷോഭം ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചതും പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് പീഡനങ്ങളും വർഷങ്ങൾ നീണ്ട നിയമവിരുദ്ധ കൊലപാതകങ്ങളും തിരോധാനങ്ങളും യോഗത്തിൽ യൂനിസ് എടുത്തുപറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്തുന്നതിൽ ബംഗ്ലാദേശിനെ സാങ്കേതികമായി സഹായിക്കാൻ യു.എൻ അധികൃതർ സന്നദ്ധ അറിയിച്ചു.
ജനകീയ പ്രക്ഷോഭത്തിനിടെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് യു.എൻ തയാറാക്കിയ റിപ്പോർട്ട് മനുഷ്യാവകാശ ഹൈകമീഷണർ വോക്കർ ടേർക്ക് ബുധനാഴ്ച ജനീവയിൽ നടക്കുന്ന മനുഷ്യാവകാശ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ലൂവിസ് അറിയിച്ചു. യു.എസ് സഹായം അവസാനിച്ചതോടെ പ്രതിസന്ധിയിലായ റോഹിങ്ക്യ അഭയാർഥികളുടെ കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ മാസം 13ന് ബംഗ്ലാദേശ് സന്ദർശിക്കാനിരിക്കെയാണ് കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.