കഞ്ചാവ് വീണ്ടും കുറ്റകരമാക്കാൻ തായ്‍ലന്റ്; ചില്ലറ വിൽപനക്ക് ഡോക്ടറുടെ കുറിപ്പടി നിർബന്ധം

തായ്പേ: കഞ്ചാവിന്റെ ഉപ​യോഗം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി തായ്‍ലന്റ് ഭരണകൂടം. വിനോദ ഉപയോഗത്തിനായി കഞ്ചാവ് വിൽക്കുന്നത് നിരോധിക്കുകയും ഏതെങ്കിലും വിധത്തിലുള്ള ചില്ലറ വിൽപനക്ക് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കുകയും ചെയ്തുകൊണ്ട് തായ്‌ലൻഡ് ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

2022ൽ രാജ്യത്തിന്റെ മയക്കുമരുന്ന് പട്ടികയിൽനിന്ന് നീക്കം ചെയ്തതിനുശേഷം കുതിച്ചുയർന്ന 100 കോടി ഡോളറിലധികം വിലമതിക്കുന്ന ഒരു വ്യവസായമാണിത്. കഞ്ചാവ് നിയമവിധേയമാക്കുന്നതിന് നേതൃത്വം നൽകിയ ഭുംജൈതായ് പാർട്ടി കഴിഞ്ഞയാഴ്ച ഭരണ സഖ്യത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഇതിന്റെ വിനോദ ഉപയോഗത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം.

ഉത്തരവ് ‘റോയൽ ഗസറ്റിൽ’ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. അത് ദിവസങ്ങൾക്കുള്ളിൽ ഉണ്ടാവുമെന്നാണ് റി​പ്പോർട്ട്. ഭാവിയിൽ കഞ്ചാവ് ഒരു മയക്കുമരുന്നായി തരംതിരിക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രി സോംസാക് തെപ്സുതിൻ പറഞ്ഞു.

കഞ്ചാവിന്റെ വിനോദ ഉപയോഗം കുറ്റകൃത്യമല്ലാതാക്കിയ ഏഷ്യയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി തായ്‌ലൻഡ് മാറിയത് മൂന്ന് വർഷം മുമ്പാണ്. എന്നാൽ, ഈ മേഖലയെ നിയന്ത്രിക്കുന്നതിന് സമഗ്രമായ നിയമങ്ങളൊന്നുമില്ലായിരുന്നു. അതിനുശേഷം തായ്‌ലൻഡിലുടനീളം കഞ്ചാവ് വിൽക്കുന്ന പതിനായിരക്കണക്കിന് കടകളും ബിസിനസുകളും ഉയർന്നുവന്നു. അവയിൽ പലതും രാജ്യത്തിന്റെ ടൂറിസം കേന്ദ്രങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

ഔഷധ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന ഈ വ്യവസായം 2025 ആകുമ്പോഴേക്കും 1200 കോടി ഡോളറിന്റെ മൂല്യമുള്ളതായിരിക്കുമെന്ന് തായ് ചേംബർ ഓഫ് കൊമേഴ്‌സ് മുമ്പ് കണക്കാക്കിയിരുന്നു.

എന്നാൽ, കഞ്ചാവിലേക്കുള്ള അനിയന്ത്രിതമായ പ്രവേശനം ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. പ്രത്യേകിച്ച് കുട്ടികൾക്കും യുവാക്കൾക്കുമെന്ന് സർക്കാർ വക്താവ് ജിരായു ഹൗങ്‌സുബ് പറഞ്ഞു. ‘മെഡിക്കൽ ഉപയോഗത്തിനായി മാത്രം കഞ്ചാവ് നിയന്ത്രിക്കുക എന്ന യഥാർത്ഥ ലക്ഷ്യത്തിലേക്ക് മടങ്ങണം’ എന്നും ജിരായു ഒരു പ്രസ്താവനയിൽ പറഞ്ഞു.


Tags:    
News Summary - Thailand reverses course on cannabis legalisation, will require prescriptions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.