ബാങ്കോക്ക്: തായ്‍ലൻഡ്-കംബോഡിയ അതിർത്തിയിൽ വെടിവെപ്പ്. 11പേർ എങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തായ്‍ലൻഡിൽ ആറുപേരും കംബോഡിയയിൽ മൂന്നുപേരുമാണ് മരിച്ചത്. രണ്ടിടത്തുമായി ഇരുപതോളം പേർക്ക് പരിക്കേറ്റു. എതിർപക്ഷമാണ് ആദ്യം വെടിയുതിർത്തതെന്ന് രണ്ട് രാജ്യങ്ങളും ആരോപിക്കുന്നു.
ബുധനാഴ്ച അഞ്ച് തായ് സൈനികർക്ക് അതിർത്തിയിലെ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റതാണ് ഇപ്പോഴത്തെ വ്യാപനത്തിലേക്ക് നയിച്ചത്. തായ്‍ലൻഡ് കംബോഡിയയുമായി പങ്കിടുന്ന എല്ലാ അതിർത്തികളും അടച്ചു. നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും സ്ഥാനപതികളെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.
അതിർത്തിയിലെ വിവിധ ഭാഗങ്ങളിലായി ആറിടത്ത് ഏറ്റുമുട്ടലുണ്ടായി. കംബോഡിയയിലെ സൈനിക കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തിയതായി തായ്‍ലൻഡ് അവകാശപ്പെട്ടു. എന്നാൽ, റോഡിലാണ് ബോംബ് പതിച്ചതെന്ന് കംബോഡിയ പ്രതികരിച്ചു.
മേയ് മാസത്തിൽ വെടിവെപ്പിൽ കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടത് മുതൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു. രണ്ട് രാജ്യങ്ങളിലെയും തീവ്രദേശീയ വാദികൾ വിഷയം ആളിക്കത്തിക്കുന്നു. തുറന്ന ഏറ്റുമുട്ടലിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. അതിർത്തിപ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.