മാലിയിൽ ഭീകരാക്രമണം: തലസ്ഥാനത്തും സൈനിക താവളങ്ങളിലും സ്ഫോടനവും വെടിവെപ്പും; വിമാനത്താവളം അടച്ചു

ബമാകോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയുടെ തലസ്ഥാനമായ ബമാകോയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ പ്രാദേശിക സമയം  ശനിയാഴ്ച പുലർച്ചെ കനത്ത ഭീകരാക്രമണം ഉണ്ടായി. ആക്രമണത്തെത്തുടർന്ന് രാജ്യം കനത്ത ജാഗ്രതയിലാണ്. 

ബമാകോയിലെ മോഡിബോ കീറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പുലർച്ചെയോടെയാണ് കനത്ത വെടിവെപ്പും സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സെനൗ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷ കാരണങ്ങളാൽ വിമാനത്താവളം താൽക്കാലികമായി അടയ്ക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു.

ബമാകോയ്ക്ക് പുറത്തുള്ള മാലിയുടെ പ്രധാന സൈനിക താവളമായ കാറ്റിയിലും പുലർച്ചെ 6 മണിയോടെ വലിയ സ്ഫോടന ശബ്ദങ്ങളും തുടർന്ന് വെടിവെപ്പും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മാലിയുടെ സൈനിക ഭരണാധികാരി ജനറൽ അസിമി ഗോയിറ്റയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

തലസ്ഥാനത്തിന് പുറമെ മധ്യ മാലിയിലെ സെവരെ, വടക്കൻ നഗരങ്ങളായ ഗാവോ, കിഡാൽ എന്നിവിടങ്ങളിലും സമാനമായ ആക്രമണങ്ങൾ നടന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

അജ്ഞാതരായ 'ഭീകരവാദികൾ' തന്ത്രപ്രധാനമായ ചില പോയിന്റുകളും ബാരക്കുകളും ലക്ഷ്യം വെച്ചതായി മാലിയൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണകാരികളെ തുരത്താൻ സൈന്യം തിരിച്ചടി നൽകിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ ശാന്തരായിരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആക്രമണമുണ്ടായ സ്ഥലങ്ങളിലേക്കുള്ള റോഡുകൾ സൈന്യം പൂർണ്ണമായും അടച്ചിരിക്കുകയാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്  എന്നിവയുമായി ബന്ധമുള്ള ഗ്രൂപ്പുകളാണ് മാലിയിൽ ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളത്. മേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷ വെല്ലുവിളികൾ നേരിടാൻ മാലി സർക്കാർ റഷ്യൻ സേനയുടെ സഹായം തേടിയിട്ടുണ്ട്.

നിലവിൽ നാശനഷ്ടങ്ങളെക്കുറിച്ചോ മരണസംഖ്യയെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. അമേരിക്കൻ എംബസി ഉൾപ്പെടെയുള്ള വിദേശ കാര്യാലയങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്

Tags:    
News Summary - Terror attack in Mali: Explosions and gunfire at the capital and military bases; airport closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.