വഷിങ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെിന്റെ പേരിൽ ചാൾസ് രാജാവ് തന്റെ സഹോദരൻ ആൻഡ്രൂവിന്റെ ‘രാജകുമാരൻ’ എന്ന പദവി നീക്കംചെയ്ത സംഭവത്തിൽ ദു:ഖമുണ്ടെന്ന് ഡോണൾഡ് ട്രംപ്. ഇത് ഭയാനകമായ കാര്യമാണെന്നും ബ്രിട്ടീഷ് രാജകുടുംബത്തോട് തനിക്ക് ദുഃഖം തോന്നുന്നുവെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. ‘ ആ കുടുംബത്തിന് സംഭവിച്ചത് ഭയാനകമായ ഒരു കാര്യമാണ്. അതൊരു ദയനീയമായ സാഹചര്യമായിരുന്നു. വളരെ മോശവുമാണ്’. ചാൾസിന്റെ നടപടിയെക്കുറിച്ച ചോദ്യത്തിന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എപ്‌സ്റ്റീന്റെ ദീർഘകാല സുഹൃത്തായിരുന്ന ട്രംപിന്റെ രണ്ടാം പ്രസിഡന്റ് സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന്റെ കേന്ദ്രബിന്ദുവാണ് ‘എപ്‌സ്റ്റീൻ ഫയലുകൾ’ എന്ന് അറിയപ്പെടുന്ന സംഭവങ്ങൾ. എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഈ ഫയലുകൾ ട്രംപ് ഭരണകൂടം പുറത്തുവിടണമെന്ന് ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻമാരും ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് ആൻഡ്രൂവിനെതിരായ ബക്കിങ്ഹാം കൊട്ടാരത്തിന്റെ നടപടിയും അതിനോടുള്ള ട്രംപിന്റെ പ്രതികരണവും.
എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ 65 കാരനായ ആൻഡ്രൂവിനെ ‘രാജകുമാരൻ’ എന്ന പദവിയിൽ നിന്ന് ചാൾസ് പിൻവലിക്കുകയും വിൻഡ്‌സർ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി ബക്കിങ്ഹാം കൊട്ടാരം വ്യാഴാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിൽ രാജകുടുംബത്തിലെ ഒരു അംഗത്തിനെതിരെയുള്ള ഏറ്റവും നാടകീയമായ നീക്കങ്ങളിലൊന്നായിരുന്നു ഇത്.
എപ്സ്റ്റീൻ തങ്ങളെ പീഡിപ്പിച്ചതായി നൂറു കണക്കിന് സ്ത്രീകൾ വെളിപ്പെടുത്തിയിരുന്നു. പല ഉന്നത രാഷ്ട്രീയക്കാർക്കും കാഴ്ചവെക്കാനായി പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ഇയാൾ ദ്വീപിലേക്ക് കടത്തിയെന്നതും പുറത്തുവന്നിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ടവരുടെ പട്ടികയിൽ ആൻഡ്രൂവിന്റെ പേരും ഉൾപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയതിന് വിചാരണ നേരിടുന്നതിനിടെ എപ്‌സ്റ്റീൻ ജയിലിൽവെച്ച് മരിച്ചു.
വിമർശനത്തിനിടെ കഴിഞ്ഞ ജൂലൈയിൽ, എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പുറത്തുവിടുന്നതിനോ ഈ വിഷയത്തിൽ പുതിയ അന്വേഷണം ആരംഭിക്കുന്നതിനോ ന്യായീകരണം നൽകുന്ന പുതിയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തോടുള്ള ആദരവ് യു.എസ് പ്രസിഡന്റ് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ സെപ്റ്റംബറിൽ ചാൾസിന്റെ ക്ഷണമനുസരിച്ച് വിൻഡ്‌സർ കാസിലിൽ ട്രംപിനായി അത്താഴ വിരുന്നും സൈനിക പരേഡുകളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.